നെടുമങ്ങാട്: പ്ലസ്ടു വിദ്യാർഥികളായ കമിതാക്കൾ ജീവനൊടുക്കാനായി കരമനയാറ്റിൽ ചാടി. സംഭവത്തിൽ 17-കാരൻ മുങ്ങിമരിച്ചു. പെൺകുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തി.
നെടുമങ്ങാട് കരകുളം കാച്ചാണി പുള്ളിക്കോണം കുഴിവിള വീട്ടിൽ ഗിരീശൻ-ശൈലജ ദമ്പതിമാരുടെ മകൻ ശബരീനാഥ്(17) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് രക്ഷിച്ചു. ശനിയാഴ്ച പുലർച്ചെ 4.30 മണിയോടെയാണ് സംഭവം. രാവിലെ പത്രവിതരണത്തിനായി പോകുന്നുവെന്നുപറഞ്ഞാണ് ശബരീനാഥ് വീട്ടിൽനിന്നു പോയത്. എന്നും പോകുന്ന സമയത്തിൽനിന്നും നേരത്തെ പോകുന്നതിൽ സംശയം തോന്നിയ അമ്മ വിവരം അടുത്ത ബന്ധുക്കളെ വിളിച്ചറിയിച്ചു. ഇവർ ശബരീനാഥിനെ അന്വേഷിച്ച് നടക്കുന്നതിനിടെ കളത്തുകാലിനു സമീപം നിൽക്കുന്ന വിവരമറിഞ്ഞു. കരമനയാറിലെ കളത്തുകാൽ ചാണിച്ചാൻ കടവിനു സമീപം പെൺകുട്ടി ശബരീനാഥിനെ കാത്തുനിൽക്കുകയായിരുന്നു. ഇവിടെ ആഴമേറിയ കയങ്ങളുണ്ട്. ഇതുവഴിപോയവർ രണ്ടുപേർ നിൽക്കുന്നതു കണ്ട് വിവരങ്ങൾ ചോദിക്കുന്നതിനിടെ ഇരുവരും കയത്തിലേക്കു ചാടുകയായിരുന്നു. സ്ഥലത്തുകൂടിയ നാട്ടുകാർ ഉടൻതന്നെ കടവിലിറങ്ങി നടത്തിയ തിരച്ചിലിൽ പെൺകുട്ടിയെ രക്ഷിക്കാനായി.
അഗ്നിരക്ഷാസേനയുടെ സ്‌കൂബാ ടീം എത്തിയാണ് ശബരീനാഥിന്റെ മൃതദേഹം പുറത്തെടുത്തത്. അരുവിക്കര പോലീസ് കേസെടുത്തു. നടപടിക്രമങ്ങൾക്കു ശേഷം ശബരീനാഥിന്റെ സംസ്‌കാരം വീട്ടുവളപ്പിൽ നടക്കും.