തൃശ്ശൂർ: ഇക്കുറി െഎ.എം. വിജയനെ കാണുമ്പോൾ ഹരീഷിന്റെ കണ്ണിൽ ഇരട്ടസന്തോഷമായിരുന്നു. കാൽപ്പന്തുകളിയിലെ നായകനും തമിഴ്സിനിമാലോകത്തെ ഞെട്ടിച്ച വില്ലനും ഇതാ ഒരാളായി കൺമുന്നിൽ. വിജയൻ തോളിൽ കൈയിട്ട് കുശലം ചോദിച്ചതോടെ വെപ്പുകാലുകൾ ഉറപ്പിച്ചൂന്നി ഹരീഷ് തൃശ്ശൂരിലെ വഴിയോരത്തുകൂടി ഏറെേനരം സംസാരിച്ചുനടന്നു.

തമിഴ്നാട്ടിലെ മധുര ചോളവന്താഗ്രാമത്തിലെ ഇരുപത്തിമൂന്നുകാരനായ ഹരീഷ്‌കുമാർ ആദ്യമായല്ല വിജയനെ കാണുന്നത്. 2011-ൽ കാൽപ്പന്തുകളിക്കമ്പം മൂത്ത് നല്ല ജഴ്സിയും ഷൂസും വാങ്ങാനായി അച്ഛനോടിച്ച േലാറിയിൽ കയറി തൃശ്ശൂരിലെത്തി അപകടത്തിൽപ്പെട്ട്, കാലുകൾ നഷ്ടപ്പെട്ട് മൂന്നുമാസം ആശുപത്രിയിൽ കിടന്ന ഹരീഷിനെ കാണാനായി അന്ന് വിജയൻ എത്തിയിരുന്നു. അർധബോധാവസ്ഥയും ഭാഷാപ്രശ്നവും കാരണം അന്ന് വിജയനോട് അധികം സംസാരിക്കാനായില്ല.

ഇന്ന് അതല്ല സ്ഥിതി. മൂന്നുമാസം തൃശ്ശൂരിലെ ആശുപത്രിയിൽ കിടന്ന ഹരീഷിന് മലയാളമറിയാം. തമിഴ്‌സിനിമകളിലഭിനയിച്ച വിജയന് തമിഴും നന്നായറിയാം. ഹരീഷും വിജയനും തമ്മിൽ ഏറെ സംസാരിച്ചു. അന്നെടുത്ത ഫോട്ടോ നഷ്ടപ്പെട്ടെന്ന് ഹരീഷ് പറഞ്ഞപ്പോൾ വിജയൻ ഹരീഷിന്റെ തോളിൽ കൈയിട്ട് പോസ് ചെയ്തു. ‘സെൽഫി’ ഫോണിൽ പകർത്തി.

2011 ജൂൺ 16-ന് രാത്രിയാണ് അച്ഛൻ ശിവകുമാർ ഓടിച്ച സിമന്റുലോറി കുതിരാനിൽ മറിഞ്ഞ് ഏഴാം ക്ലാസുകാരനായിരുന്ന ഹരീഷ്‍കുമാറിന്റെ രണ്ട്‌ കാലുകളും നഷ്ടപ്പെട്ടത്. മലയാളക്കര കൈയഴിഞ്ഞ് സഹായിച്ചു. ചികിത്സച്ചെലവിന് പുറമേ 12 ലക്ഷം രൂപയുടെ രണ്ട് വെപ്പുകാലുകളും സമ്മാനിച്ചത് മലയാളക്കരയാണ്. അവരിൽ പലരെയും കണ്ട് നന്ദി അറിയിക്കാനാണ് ചെന്നെയിൽ സിനിമാപഠനവിദ്യാർഥിയായ ഹരീഷ്‌കുമാർ ഇപ്പോൾ തൃശ്ശൂരിലെത്തിയത്.

വിജയ് നായകനും െഎ.എം. വിജയൻ വില്ലനുമായ ‘ബിഗിൽ’ സിനിമ ഒരിക്കൽക്കൂടി കണ്ട ശേഷമാണ് ഹരീഷ് തൃശ്ശൂരിലേക്ക് യാത്രതിരിച്ചത്. ഹരീഷ് തൃശ്ശൂരിലെത്തിയ വിവരമറിഞ്ഞാണ് നിലന്പൂരിലെ പോലീസ് ക്യാന്പിൽനിന്ന് വിജയൻ തൃശ്ശൂരിലെത്തിയത്. പഠനം കഴിഞ്ഞാൽ സിനിമയിൽ അവസരത്തിനായി ശുപാർശ ചെയ്യാമെന്ന് വിജയൻ ഹരീഷിന് ഉറപ്പുനൽകി. ‘തമിഴിലും മലയാളത്തിലും നിറയെ സിനിമാ ഫ്രണ്ട്സുണ്ട്. ‘‘കവലൈപ്പെടാതെ’’ -വിജയൻ പറഞ്ഞതുകേട്ട് ഹരീഷ് പറഞ്ഞു- ‘‘നന്ദി, ഇൗ സ്നേഹത്തിന്.’’