തൃശ്ശൂർ: ഓൺലൈൻ ട്രേഡിങ് സ്ഥാപനത്തിന്റെ പേരിൽ 200 കോടി രൂപയുടെ തട്ടിപ്പ്‌ നടത്തിയെന്ന കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. അറസ്റ്റിലായ രണ്ടുപേരുടെ ജാമ്യാപേക്ഷയും ഒളിവിലുള്ളയാളിന്റെ മുൻകൂർ ജാമ്യാപേക്ഷയുമാണ് പരിഗണിച്ചത്. മൂന്നാംപ്രതി ചേറ്റുപുഴ സ്വദേശിനി സ്മിത, നാലാംപ്രതി അമ്മാടം ചിറയത്ത് സി.കെ. ജോബി എന്നിവരുടെ അപേക്ഷകൾ തൃശ്ശൂർ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി എസ്. ഭാരതി തള്ളി.

ഒളിവിൽ കഴിയുന്ന ആറാംപ്രതി കണ്ണാപുരം കുന്നപ്പശ്ശേരി കീഴ്‌ക്കാവ് മഠാധിപതി വിക്രമൻസ്വാമിയുടെ മുൻകൂർ ജാമ്യാപേക്ഷയും തള്ളി. സംസ്ഥാനത്തൊട്ടാകെ 200 കോടി രൂപയോളവും ജില്ലയിൽനിന്ന്‌ 20 കോടി രൂപയും ഇവരുൾപ്പെടുന്ന സംഘം തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

തൃശ്ശൂർ ശക്തൻ നഗറിൽ പ്രവർത്തിച്ചിരുന്ന എസ്.ജെ. അസോസിയേറ്റ്‌സ് എന്ന ഓൺലൈൻ ട്രേഡിങ് സ്ഥാപനത്തിന്റെ പേരിലായിരുന്നു തട്ടിപ്പ്. ടോൾ ഡീൽ വെൻച്വേഴ്‌സ് എന്ന സ്ഥാപനത്തിന്റെ അനുബന്ധസ്ഥാപനമാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇത്. നിക്ഷേപത്തുക ഒരുവർഷംകൊണ്ട് ഇരട്ടിപ്പിച്ചുനൽകുമെന്നായിരുന്നു വാഗ്‌ദാനം. മൂന്നും നാലും പ്രതികളെ കോയമ്പത്തൂർ സിങ്കനെല്ലൂരിൽനിന്നാണ് ഒക്ടോബർ 18-ന് കസ്റ്റഡിയിലെടുത്തത്. മറ്റു പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.

മൈ ക്ലബ്ബ് ട്രേഡേഴ്‌സ് എന്ന മൊബൈൽ ആപ്പ് വഴിയാണ് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചിരുന്നത്. കൂർക്കഞ്ചേരി, അരിമ്പൂർ വീട്ടിൽ എൻസണിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വഞ്ചിതരായ കുറേപ്പേർ പരാതിയുമായെത്തി.

ഒന്നാംപ്രതി രാജേഷ് മലാക്കയും രണ്ടാംപ്രതി മുഹമ്മദ് ഫൈസലും ടോൾ ഡീൽ വെൻച്വേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഗ്ലോബൽ ഡയറക്ടർമാരാണെന്ന് അവകാശപ്പെട്ടിരുന്നു. ഇവരോടൊപ്പം മൂന്നുമുതൽ ഏഴുവരെയുള്ള പ്രതികൾ ജില്ലയിലും പുറത്തുമുള്ള വിവിധ സ്റ്റാർ ഹോട്ടലുകളിൽ ബിസിനസ് മീറ്റിങ്ങുകൾ വിളിച്ചുചേർത്ത് സാധാരണക്കാരായ ആയിരക്കണക്കിനാളുകളിൽനിന്ന് വൻതോതിൽ നിക്ഷേപം സ്വീകരിക്കുകയാണ് ചെയ്തിരുന്നത്.

പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ പി. സുനിൽ, ഡിനി ഗിരീഷ്, അജിത്ത് മാരാത്ത് എന്നിവർ ഹാജരായി.