തൃശ്ശൂർ: അതിവേഗ റെയിൽപദ്ധതിയെക്കുറിച്ച് ആശങ്കയുയർത്തിയ സി.പി.ഐ. പോഷക, അനുഭാവ സംഘടനകൾ എതിർപ്പ് തണുപ്പിക്കുന്നു. പ്രത്യക്ഷനിലപാട് തത്കാലം വേണ്ടെന്ന പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിർദേശമാണ് ഇതിനു പിന്നിൽ. പിണറായി വിജയനും കാനവും തമ്മിൽ ഇക്കാര്യം സംസാരിച്ചിരുന്നു

2020 ഓഗസ്റ്റിൽ പദ്ധതിയുടെ ആദ്യനിർദേശം വന്നപ്പോൾ മുതൽ എതിർപ്പറിയിച്ച് രംഗത്തുവന്നതാണ് സി.പി.ഐ.യുടെ സാംസ്‌കാരികമുഖമായ യുവകലാസാഹിതി. പദ്ധതിക്കെതിരേ കഴിഞ്ഞദിവസം ഇവർ ലഘുലേഖ പുറത്തിറക്കിയിരുന്നു. കെ-റെയിൽ പദ്ധതി സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എ.ഐ.വൈ.എഫ്. ഉപസമിതിയെ നിയോഗിച്ചിരുന്നു. പദ്ധതിയെപ്പറ്റി ഉയർന്ന സംശയങ്ങൾ പരിഹരിക്കണമെന്നാണ് സമിതി റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, ഇക്കാര്യത്തിലും കൂടുതൽ മുന്നേറ്റമുണ്ടാകില്ല.

കെ-റെയിൽ ഇടതുമുന്നണിയുടെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയതിനാൽത്തന്നെ ഇത്തരം എതിർപ്പുകൾ ശരിയല്ലായെന്നാണ് പദ്ധതി അനുകൂലികളുടെ വാദം. യു.ഡി.എഫും ബി.ജെ.പി.യും രാഷ്ട്രീയമായി എതിർക്കുന്ന വിഷയത്തിൽ ഉടനടി ഒരു പിൻവാങ്ങൽ സാധ്യമല്ലായെന്നതാണ് ഭരണനേതൃത്വത്തിന്റെ നിലപാടെന്നും അവർ വിശദീകരിക്കുന്നു. കാര്യക്ഷമമായ പഠനം വന്നാൽ അതിലെ വസ്തുതകൾ മുൻനിർത്തിയുള്ള തീരുമാനമാകാമെന്ന വാഗ്‌ദാനവും അവർ മുന്നോട്ടുവെക്കുന്നുണ്ട്.

സി.പി.ഐ. നേതൃത്വത്തിൽനിന്ന് ഔദ്യോഗികമായി ഒരുവിധത്തിലുള്ള നിർദേശവും വന്നിട്ടില്ലെന്നാണ് യുവകലാസാഹിതി സംസ്ഥാന ഭാരവാഹികൾ പറയുന്നത്. ‘സമരമല്ല, ആശയപ്രചാരണമാണ് സംഘടനയുടെ മാർഗം. ഈ വിഷയത്തിൽ ഏകദേശം ഒരുവർഷമായി ഇത് നിർവഹിക്കുകയാണ്. എന്നാൽ, പ്രതിപക്ഷകക്ഷികളുടെ അവസരവാദനിലപാടിനൊപ്പമല്ല ,യുവകലാസാഹിതി- പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണനും സെക്രട്ടറി ഇ.എം. സതീശനും വ്യക്തമാക്കി. എന്നാൽ, സ്വതന്ത്രനിലയിൽ പ്രവർത്തിക്കുന്ന സംഘടനയോടല്ല, അതിലെ പ്രധാന പാർട്ടിപ്രവർത്തകരോടാണ് നേതൃത്വം നിർദേശം നൽകിയതെന്നാണ് വിവരം. ഇതുസംബന്ധിച്ച വാട്‌സ്‌ ആപ്പ് സന്ദേശങ്ങൾ അവർക്ക് കിട്ടിയിട്ടുമുണ്ട്.