ഗുരുവായൂർ: പരിസരമലിനീകരണത്തിന് പേരുകേട്ട ആനപ്പിണ്ടം സമ്പുഷ്ടമായ ജൈവവളമാക്കാൻ ഗുരുവായൂർ ആനക്കോട്ടയിൽ വഴിയൊരുങ്ങുന്നു. 44 ആനകളുടേതായി ദിവസേന മൂന്ന് ടണ്ണോളം പിണ്ടമാണ് ഇപ്പോൾ ഇവിടെയുണ്ടാകുന്നത്. ഇതെല്ലാം ഇപ്പോൾ ആനക്കോട്ടയിൽത്തന്നെ കൂട്ടിയിടുകയും പിന്നീട് കരാറുകാർ ഒഴിഞ്ഞ സ്ഥലങ്ങളിലേക്ക് മാറ്റുകയുമാണ് ചെയ്യുന്നത്.

ശാസ്ത്രീയമായി സംസ്‌കരിച്ചശേഷം ആനപ്പിണ്ടം ഗുരുവായൂർ ബ്രാൻഡ് ജൈവവളമാക്കാനാണ് പുതിയ പദ്ധതി. വിശദ റിപ്പോർട്ട് തയ്യാറാക്കാൻ ശാസ്ത്രസാഹിത്യ പരിഷത്തിനു കീഴിലുള്ള ഇന്റഗ്രേറ്റഡ് റൂറൽ ടെക്നിക്കൽ സെന്ററിനെ (ഐ.ആർ.ടി.സി.) ഗുരുവായൂർ ദേവസ്വം ഭരണസമിതി ചുമതലപ്പെടുത്തി.

കേരളത്തിൽ എവിടെയും ആനപ്പിണ്ടം ശാസ്ത്രീയമായി സംസ്‌കരിക്കുന്നില്ല. ആളൊഴിഞ്ഞ സ്ഥലത്ത് തള്ളുകയാണ് ചെയ്യാറ്. ഇത് മഴവെള്ളത്തിൽ കലർന്ന് പരിസരത്തെ കിണറുകൾ മലിനമാവുന്നുവെന്ന പരാതികൾ വ്യാപകവുമാണ്.

പിണ്ടം എളുപ്പത്തിൽ ദ്രവീകരിക്കാവുന്ന തരം ബാക്ടീരിയ നിലവിലില്ലെന്ന് ഐ.ആർ.ടി.സി. വിദഗ്‌ധൻ വി. മനോജ്കുമാർ പറഞ്ഞു. അത് വികസിപ്പിക്കാൻ കഴിയുന്നതാണ്.

പനമ്പട്ടയുടെ അവശിഷ്ടങ്ങൾ, പ്രസാദഊട്ടിൽനിന്നുള്ള ഇലകളും ഭക്ഷണാവശിഷ്ടങ്ങളും, ദേവസ്വം സ്ഥാപനങ്ങളിലെ മാലിന്യം എന്നിവയും സംസ്‌കരിക്കും. ഇവയുൾപ്പെടെ ദിവസം നാലുടൺ മാലിന്യമുണ്ടാകും. ആനപ്പിണ്ടവും മറ്റു മാലിന്യങ്ങളും വെവ്വേറെ പ്ലാന്റുകളിലാണ് സംസ്‌കരിക്കുക. രണ്ട്‌ പ്ലാന്റുകൾക്കുമായി ഒരുകോടിയോളം രൂപ ചെലവ്‌ വരും. 8000 ചതുരശ്രയടി സ്ഥലവും വേണം. ആനക്കോട്ടയിൽത്തന്നെ ഇതിന്‌ സൗകര്യമുണ്ട്. പദ്ധതിരേഖ ഉടനെ സമർപ്പിക്കും. മറ്റു നടപടികൾ തുടർന്നുണ്ടാകും.