തിരുവനന്തപുരം: ’വനമിത്ര’ ആദിവാസി വനിതാ ശാക്തീകരണ പദ്ധതിയിലെ ഗുണഭോക്താക്കളായ ഉണ്ണിമായയേയും ശോഭയേയും ദക്ഷിണേന്ത്യയിൽ നിന്നുള്ള മികച്ച സംരംഭകരെന്ന നിലയിൽ ദേശീയ തലത്തിൽ ആദരിച്ചു. കേന്ദ്ര സർക്കാരിന്റെ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി വിശാഖപട്ടണത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് ഇവരെ അനുമോദിച്ചത്. ആന്ധ്രപ്രദേശ് പട്ടികവർഗ ക്ഷേമകാര്യ സെക്രട്ടറി കാന്തിലാൽ ഡാൻഡേയാണ് പ്രശസ്തി പത്രം സമ്മാനിച്ചത്.

വനിതാ വികസന കോർപ്പറേഷൻ കോഴിക്കോട് പേരാമ്പ്ര, ചക്കിട്ടപ്പാറ മുതുകാട് കോളനികളിൽ നടത്തിവരുന്ന സ്ത്രീശാക്തീകരണ പദ്ധതിയാണ് വനമിത്ര. തിരഞ്ഞെടുക്കപ്പെട്ട ആദിവാസി ഊരുകളിലെ 18 നും 55 നും ഇടയ്ക്ക് പ്രായമുള്ള വിദ്യാർഥിനികൾക്കും വനിതകൾക്കും നൈപുണ്യ വികസനം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലാണ് പരിശീലനം നൽകുന്നത്. വസ്ത്ര നിർമാണം, ഡിസൈനിങ്, തേനീച്ച പരിപാലനം, പശുപരിപാലനം എന്നിവയിൽ പരിശീലനവും സംരംഭങ്ങൾ തുടങ്ങുന്നതിനാവശ്യമായ സൗകര്യങ്ങളും നൽകും.