കൊല്ലം : സംസ്ഥാനത്തെ മിച്ചഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് വേഗംകൂട്ടാനായി ഓരോ താലൂക്കിനും ലക്ഷ്യപരിധി നിശ്ചയിച്ചു. കേസുകളുടെ ബാഹുല്യമനുസരിച്ച് ഒന്നുമുതൽ പത്തുവരെ കേസുകൾ ഒരുമാസത്തിനുള്ളിൽ തീർപ്പാക്കാനാണ് സംസ്ഥാന ലാൻഡ് ബോർഡ് പറഞ്ഞിരിക്കുന്നത്. നിലവിലുള്ള മിച്ചഭൂമി കേസുകൾ പൂർണമായും തീർപ്പാക്കണമെന്നും പുതിയ കേസുകൾ രജിസ്റ്റർ ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്. താലൂക്ക് ലാൻഡ് ബോർഡുകൾ ഈ കാര്യങ്ങൾ കാര്യക്ഷമമായി നിർവഹിക്കണം.

കേസുകൾ തീർപ്പാക്കാനായി വിവിധ സ്വഭാവത്തിലുള്ള കേസുകളെ തരംതിരിച്ച് കർമപദ്ധതി തയ്യാറാക്കണണമെന്നും നിർദേശിച്ചു. കേസുകൾ ഒരുകാരണവശാലും അനന്തമായി നീട്ടിക്കൊണ്ടുപോകരുത്. ഓരോ ഹിയറിങും തമ്മിൽ പരമാവധി ഒരുമാസത്തിൽ കൂടുതൽ കാലാവധി നൽകരുതെന്നും മൂന്നോ നാലോ ഹിയറിങ്ങിനുള്ളിൽ അന്തിമ ഉത്തരവ് പുറപ്പെടുവിക്കണമെന്നും പറഞ്ഞിട്ടുണ്ട്. കക്ഷികൾ തുടർച്ചയായി വിചാരണയ്ക്ക്‌ ഹാജരാകുന്നില്ലെങ്കിൽ എക്സ്പാർട്ടിയായി കേസ് തീർപ്പാക്കാനും താലൂക്ക് ലാൻഡ് ബോർഡുകൾക്ക് നിർദേശം നൽകി.

മിച്ചഭൂമിയായി പ്രഖ്യാപിച്ച ഭൂമി ഏറ്റെടുക്കണമെന്നുള്ള താലൂക്ക് ലാൻഡ് ബോർഡുകളുടെ ഉത്തരവ് ലഭിച്ചാൽ ഏഴുദിവസത്തിനകം ഭൂമി ഏറ്റെടുത്ത് റവന്യൂ രേഖകളിൽ മാറ്റംവരുത്തണമെന്ന് തഹസിൽദാർമാരോടും ഭൂരേഖാ തഹസിൽദാർമാരോടും പറഞ്ഞിട്ടുണ്ട്. നടപടികൾ വേഗത്തിലാക്കാനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മൂന്നുമേഖലകളായി തിരിച്ച് പരിശീലനക്ലാസുകൾ നടത്തിയിരുന്നു.

1295 മിച്ചഭൂമി കേസുകൾ താലൂക്ക് ലാൻഡ് ബോർഡുകളിൽ കെട്ടിക്കിടപ്പുണ്ട്. തീവ്രയത്ന പരിപാടികൾ നടത്തി രണ്ടുകൊല്ലംകൊണ്ട് കേസുകൾ തീർപ്പാക്കുകയാണ് റവന്യൂ വകുപ്പിന്റെ ലക്ഷ്യം. ഇതിനായി റവന്യൂമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാമാസവും താലൂക്ക് ലാൻഡ് ബോർഡ് ചെയർമാന്മാരുടെ യോഗം ചേരുന്നുണ്ട്. 1,27,598 പട്ടയ അപേക്ഷകൾ ലാൻഡ് ട്രിബ്യൂണലുകളിൽ കെട്ടിക്കിടപ്പുണ്ട്. ഇവ വേഗത്തിൽ തീർപ്പാക്കാനും ഊർജിതശ്രമമുണ്ടാകുമെന്ന് റവന്യൂമന്ത്രി കെ.രാജൻ പറഞ്ഞു.