തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് പശ്ചാത്തലത്തിൽ പൂട്ടിയ കോളേജുകൾ ജനുവരി ഒന്നുമുതൽ തുറക്കാൻ ആലോചന. ഉന്നതവിദ്യാഭ്യാസസെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് ഈ ആലോചന. ജനുവരി ഒന്നുമുതൽ തുറന്നുപ്രവർത്തിച്ചുകൂടെയെന്ന് മുഖ്യമന്ത്രിയാണ് ആരാഞ്ഞത്. ജനുവരിയിൽ തുറക്കാനായാൽ നേരിടേണ്ട മറ്റുപ്രശ്നങ്ങൾകൂടി ആലോചിച്ചാകും അന്തിമതീരുമാനം. കോളേജുകൾ തുറക്കാൻ സംസ്ഥാനസർക്കാരുകൾക്ക് തീരുമാനമെടുക്കാമെന്ന് യു.ജി.സി. മാർഗനിർദേശം പുറപ്പെടുവിച്ചിരുന്നു. ജനുവരിയിൽ കോളേജ് തുറന്നാൽ ക്ലാസുകൾ എങ്ങനെ വേണമെന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. കർണാടകയിൽ ചില സർവകലാശാലകൾ അവസാനവർഷ വിദ്യാർഥികൾക്ക് ക്ലാസ് ആരംഭിച്ചിട്ടുണ്ട്. ഈ മാതൃക പരിഗണനയിലാണ്. ബിരുദ ബിരുദാനന്തര അവസാനവർഷ വിദ്യാർഥികൾക്കും ഗവേഷണവിദ്യാർഥികൾക്കും ആദ്യ ഘട്ടത്തിൽ ക്ലാസുകൾ ആരംഭിക്കാനായിരിക്കും ശ്രമിക്കുക.
ചില കോളേജുകളിൽ കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. കോളേജ് തുറക്കാൻ തീരുമാനിച്ചാൽ ഇവയുടെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടിവരും. കോളേജുകൾ തുറക്കാൻ ദുരന്തനിവാരണവകുപ്പിന്റെയും കോവിഡ് വിദഗ്‌ധസമിതിയുടെയും അനുമതിയും ആവശ്യമാണ്.
ഉന്നതവിദ്യാഭ്യാസസെക്രട്ടറി നൽകിയ റിപ്പോർട്ടിൽ നവംബർ 15-നു ശേഷം കോളേജുകൾ തുറന്നുപ്രവർത്തിപ്പിക്കാമെന്ന ശുപാർശയാണ് നൽകിയത്.