കൊച്ചി: ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും പ്രശസ്തരുടെയും പേരിൽ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി നടത്തിയിരുന്ന തട്ടിപ്പ് ഇപ്പോൾ സാധാരണക്കാരുടെ പേരിലും വ്യാപകമാകുന്നു. പരാതികൾ ദിനംപ്രതി കുന്നുകൂടുകയാണ്. എറണാകുളം റൂറൽ ജില്ലയിൽ മാത്രം ദിവസം മൂന്നു പരാതികൾ വരെ ലഭിക്കുന്നുണ്ട്. കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ടെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

പ്രമുഖർ പണം ചോദിക്കുമ്പോൾ അസ്വാഭാവികത തോന്നാം. എന്നാൽ, അടുപ്പമുള്ളവരുടെ അതേ ചിത്രവും പേരും ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകളിൽനിന്ന് ഫ്രൺഡ്‌ റിക്വസ്റ്റും പണം ആവശ്യപ്പെട്ടുള്ള സന്ദേശവും എത്തുമ്പോൾ ഇത് തട്ടിപ്പാണോ എന്ന് തിരിച്ചറിയാൻ പലർക്കും സാധിക്കില്ല. പരിചയക്കാർ അത്യാവശ്യമായി ചോദിക്കുമ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ പലരും പണം ഇട്ടു കൊടുക്കും.

ആക്ടീവല്ലാതെ കിടക്കുന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലുകളാണ് ഇപ്പോൾ തട്ടിപ്പുകാർ കൂടുതലായി ഉപയോഗപ്പെടുത്തുന്നത്.

ഇത്തരക്കാരുടെ വ്യാജ പ്രൊഫൈൽ സൃഷ്ടിച്ചാലും പെട്ടെന്ന് സംശയിക്കില്ല.

പണം ചോദിക്കുന്നത് ഒരേ പാറ്റേണിലാണ്. പണം ഗൂഗിൾ പേ ആയി അയച്ചു നൽകണമെന്നാകും പറയുക. ഇംഗ്ലീഷിൽ മാത്രമാണ് ഇവർ സന്ദേശങ്ങൾ അയയ്ക്കുന്നത്.

സാമൂഹിക മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകൾ സംബന്ധിച്ച് പരാതി ലഭിച്ചാൽ 24 മണിക്കൂറിനുള്ളിൽ ഇവ നീക്കം ചെയ്യണമെന്നാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നിർദേശം. അതിനാൽത്തന്നെ വ്യാജ അക്കൗണ്ടുകൾ വേഗത്തിൽ റദ്ദാകും. എന്നാൽ ഇതിനപ്പുറം നടപടി ഉണ്ടാകുന്നില്ല. ഐ.പി. വിലാസവും ഗൂഗിൾ പേ നമ്പറും കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണം എങ്ങുമെത്തിയിട്ടില്ല.

ജാഗ്രത മാത്രം രക്ഷ

വ്യാജ അക്കൗണ്ടുകൾക്കെതിരേ ജാഗ്രത പുലർത്തുകയെ രക്ഷയുള്ളു. അന്വേഷണം സൈബർ പോലീസിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. രണ്ടാം ഘട്ടത്തിൽ പരാതികൾ ഏറിവരികയാണ്. ആഴ്ചയിൽ 15 മുതൽ 20 പരാതി വരെ എറണാകുളം റൂറലിൽ മാത്രം ലഭിക്കുന്നുണ്ട്.

- കെ. കാർത്തിക് (എറണാകുളം റൂറൽ പോലീസ് മേധാവി)