കാഞ്ഞങ്ങാട്: കോവിഡ് നിയന്ത്രണം കാരണം നിർത്തിവെച്ച കാഞ്ഞങ്ങാട്-പത്തനംതിട്ട കെ.എസ്.ആർ.ടി.സി. സർവീസ് ഞായറാഴ്ച പുനരാരംഭിക്കും. കോട്ടയം, കണ്ണൂർ, കാസർകോട് ജില്ലകളിലെ മലയോര കുടിയേറ്റ മേഖലകളെ ബന്ധിപ്പിച്ച് നടത്തിയിരുന്ന ഈ ബസ് സർവീസ് യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമായിരുന്നു. നല്ല കളക്ഷൻ ലഭിച്ചിരുന്ന സർവീസ് വീണ്ടും തുടങ്ങാത്തത് യാത്രക്കാരിൽ പ്രതിഷേധത്തിന് കാരണമായിരുന്നു.

‌കാഞ്ഞങ്ങാട്ടുനിന്ന് വൈകുന്നേരം 5.10-ന് പുറപ്പെട്ട് എണ്ണപ്പാറ, തായന്നൂർ, കാലിച്ചാനടുക്കം, വെള്ളരിക്കുണ്ട്, ചെറുപുഴ, കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, കോഴഞ്ചേരി വഴി പിറ്റേദിവസം രാവിലെ 7.30-ന് പത്തനംതിട്ടയിൽ എത്തും. പത്തനംതിട്ടയിൽനിന്ന് വൈകുന്നേരം 6.15-ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 7.15-ന് കാഞ്ഞങ്ങാട്ട് എത്തും. ഓൺലൈൻ റിസർവേഷൻ സൗകര്യത്തോടെയാണ് സർവീസ് പുനരാരംഭിക്കുന്നത്.