പരിയാരം: കോവിഡ് ബാധിച്ച് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള എഴുത്തുകാരൻ ടി. പത്മനാഭന്റെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി വെള്ളിയാഴ്ച ചേർന്ന മെഡിക്കൽ ബോർഡ് വിലയിരുത്തി. പ്രമേഹവും രക്തസമ്മർദവും മരുന്നിന്റെ സഹായത്തോടെ സാധാരണനിലയിലായിട്ടുണ്ട്. കോവിഡിനെത്തുടർന്നുണ്ടായ പനിയും ജലദോഷവും കുറഞ്ഞിട്ടുണ്ടെങ്കിലും ക്ഷീണം അനുഭവപ്പെടുന്നുണ്ട്. രക്തത്തിലെ ഓക്‌സിജന്റെ അളവ് സാധാരണനിലയിലാണ്. എന്നാൽ, പ്രായവും ഇതര രോഗങ്ങളും പരിഗണിച്ച് ചികിത്സയും ജാഗ്രതയും തുടരേണ്ടതുണ്ടെന്ന് മെഡിക്കൽ ബോർഡ് വ്യക്തമാക്കി.

ആരോഗ്യമന്ത്രി വീണാ ജോർജ് ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മെഡിക്കൽ കോളേജ് അധികൃതരുമായി സംസാരിച്ചതായും പ്രിൻസിപ്പൽ ഡോ. എസ്. അജിത്തും ആസ്പത്രി സൂപ്രണ്ട് ഡോ. കെ. സുദീപും അറിയിച്ചു.