കോട്ടയം: പോളിന്റെ രണ്ടാം ജന്മമാണ് പാലാ മരിയസദനത്തിൽ. കലാരംഗത്തെ തിരിച്ചുവരവുകൂടിയാണ് ജീവിതം. വിവിധ ട്രൂപ്പുകൾക്കൊപ്പം ഡ്രംസ് വായിച്ച് നാടുചുറ്റിയ ചെറുപ്പത്തെക്കാൾ ചുറുചുറുക്കുള്ള മനോഹരകാലം. ലഹരിവലയിൽ അകപ്പെട്ട നാളുകൾ മറവിയിലേക്ക് വലിച്ചെറിഞ്ഞ് മരിയസദനത്തിലെ കാര്യങ്ങളിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് തിരക്കുകളിൽ മുഴുകിയങ്ങനെ.

ലഹരി കവർന്നെടുത്ത് ഓർമകളിൽ സ്വയംമറന്ന്, തിരുനക്കര അമ്പലപരിസരത്ത് അലഞ്ഞുതിരിഞ്ഞ പോൾ മരിയസദനത്തിലെത്തുന്നത് ഏഴുവർഷം മുമ്പാണ്. വേദികളെ ശബ്ദമുഖരിതമാക്കിയ കൂട്ടുകാരൻ യാചകനെപ്പോലെ അലയുന്നത് കണ്ട് കലാകാരൻമാരുടെ സംഘടനയായ ’ആത്മ’യുടെ പ്രസിഡന്റ് ആർട്ടിസ്റ്റ് സുജാതനും ഉണ്ണികൃഷ്ണൻ ശിവാസും ചേർന്നാണ് പാലായിലെ ലഹരിവിമുക്തി കേന്ദ്രത്തിൽ എത്തിച്ചത്.

നിരന്തര പരിചരണവും കൗൺസലിങ്ങും മരുന്നുമൊക്കെയായി പോൾ പതിയെ ജീവിതത്തിലേക്ക് നടന്നുതുടങ്ങി. മരിയസദനം ഡയറക്ടർ സന്തോഷ് ജോസഫ് അദ്ദേഹത്തിന്റെ മാറ്റം തിരിച്ചറിഞ്ഞ് അവിടത്തെ ഗാനമേള ട്രൂപ്പ് ’റിഥം ഓഫ് മൈൻഡി’ന്റെ ഭാഗമാക്കി. മൊബൈൽ റീഹാബ് എന്ന സഞ്ചരിക്കുന്ന കടയുടെ ചുമതല നൽകി.

സദനത്തിലെ അന്തേവാസികൾ ഉണ്ടാക്കുന്ന മെഴുകുതിരി, തുണിസഞ്ചി, അച്ചാർ, ചവിട്ടി തുടങ്ങിയവയാണ് വാഹനത്തിലെ കടയിൽ വിൽക്കുന്നത്. സഞ്ചരിക്കുന്ന കടയെന്ന് വിളിക്കാമെങ്കിലും ഉപയോഗശൂന്യമായ ഒരു ട്രാവലറാണിത്. ജീപ്പിലോ മറ്റോ കെട്ടിവലിച്ചാണ് പലയിടത്തും എത്തിക്കുന്നത്. അന്തേവാസികളുടെകൂടി വരുമാനമാർഗമായ കട ഓടുന്ന വാഹനത്തിലേക്ക് മാറ്റൻ അഭ്യുദയകാംക്ഷികൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് സന്തോഷ്.

പൂവന്തുരുത്ത് സ്വദേശിയായ പോൾ പി.എബ്രഹാം അച്ഛനമ്മമാരുടെ ഒറ്റമകനായിരുന്നു. പാട്ടയിലും മറ്റും കൊട്ടി താളം കണ്ടെത്തുന്ന മകനെ കോട്ടയം ദർശനയിൽ ചേർത്തു. സ്വന്തമായി ഡ്രംസ് സെറ്റും വാങ്ങിക്കൊടുത്തു. പിന്നീട് തൃശ്ശൂരിൽ ഉൾപ്പെടെ പലയിത്തും പോയി കൂടുതൽ പഠിച്ചു. ഇപ്പോഴും പഠിക്കുകയാണെന്ന് പോൾ പറയും. വേദികളിൽനിന്ന് വേദികളിലേക്കുള്ള യാത്രയിലെപ്പോഴോ മദ്യവും മയക്കുമരുന്നും ശീലമായി. കഞ്ചാവ് ബീഡി ആദ്യമായി നൽകിയ കൂട്ടകാരെ പോൾ ഇപ്പോഴും ഓർക്കുന്നുണ്ട്.

കോട്ടയം പ്രണവം ഒാർക്കസ്ട്ര തുടങ്ങിയ ട്രൂപ്പുകൾക്കൊപ്പവും കഥാപ്രസംഗങ്ങൾക്കും പോയിരുന്നു. മജീഷ്യൻ ഗോപിനാഥ്‌ മുതുകാടിന്റെ മാജിക്‌ ഷോയ്ക്ക് വേണ്ടിയും കോട്ടയത്ത് ഡ്രംസ്‌ വായിച്ചിട്ടുണ്ട്‌.

ഇപ്പോൾ മരിയസദനം ഡയറക്ടർ സന്തോഷ്‌ ജോസഫിനും കുടുംബാംഗങ്ങൾക്കും അന്തേവാസികൾക്കുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ്‌ പോൾ.