കൊട്ടാരക്കര : സംസ്ഥാനത്ത് സി.പി.എം. വൻ സഹകരണക്കൊള്ള നടത്തിയെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. വലിയ അഴിമതിനടന്ന 106 സഹകരണ ബാങ്കുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. സഹകരണക്കൊള്ള കേന്ദ്ര സഹകരണമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂർ കരുവന്നൂരിൽ ബി.ജെ.പി.നടത്തിയ പ്രതിഷേധത്തിൽ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെ പ്രധാനമന്ത്രിയുടെ മൻകീ ബാത്ത് കേൾക്കാൻ കൊട്ടാരക്കരയിൽ ഇറങ്ങിയതായിരുന്നു അദ്ദേഹം.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സഹകരണരംഗത്തെ കള്ളപ്പണം സി.പി.എം. ധാരാളമായി ഉപയോഗിച്ചു. ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പു കമ്മിഷന് പരാതിനൽകിയിട്ടുണ്ട്. സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ ഭാര്യ മത്സരിച്ച ഇരിങ്ങാലക്കുട മണ്ഡലത്തിലാണ് കള്ളപ്പണം കൂടുതൽ ഉപയോഗിച്ചത്. സഹകരണമന്ത്രിയും സി.പി.എം. സംസ്ഥാന സെക്രട്ടറിയും ചേർന്നുനടത്തിയ കൊള്ളയാണിതെന്ന് അദ്ദേഹം ആരോപിച്ചു. സഹകരണക്കൊള്ളയ്ക്കെതിരേ ബി.ജെ.പി. പ്രക്ഷോഭം നടത്തും.

സംസ്ഥാനത്ത് കോവിഡ് വാക്സിൻ വിതരണത്തിൽ സുതാര്യതയില്ല. കേന്ദ്രസർക്കാർ നൽകിയ പത്തുലക്ഷം ഡോസ് വാക്സിൻ സംസ്ഥാനം ഉപയോഗശൂന്യമാക്കി. ആരോഗ്യമന്ത്രിക്ക് ഇതിനെപ്പറ്റി മറുപടിപറയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഡി.വൈ.എഫ്.ഐ.ക്കാർക്കും എൽ.ഡി.എഫ്. പ്രവർത്തകർക്കും മാത്രമാണ് വാക്സിൻ ലഭിക്കുന്നത്. വയോജനങ്ങൾക്ക് വാക്സിൻ ലഭിക്കുന്നില്ല. രാഷ്ട്രീയസ്വാധീനത്താൽ ഗുണഭോക്താക്കളെ നിശ്ചയിക്കുന്ന സമ്പ്രദായം അവസാനിപ്പിക്കണം.

കൊടകര കവർച്ചക്കേസിൽ അടിസ്ഥാനമില്ലാത്ത കഥകളാണ് പോലീസ് കുറ്റപത്രമായി നൽകിയത്. രാഷ്ട്രീയപ്രസ്താവന മാത്രമാണ് കുറ്റപത്രം. പണവുമായി ബി.ജെ.പി.ക്ക് ഒരു ബന്ധവുമില്ലെന്ന് ആദ്യംമുതൽ പറയുന്നുണ്ടെന്നും സുരേന്ദ്രൻ വ്യക്തമാക്കി.