കൊച്ചി: യാത്രയ്ക്കിടയിൽ വേണാട് എക്സ്പ്രസിന്റെ കോച്ചുകൾ വേർപെട്ടു. ഷൊർണൂരിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള ഓട്ടത്തിനിടെ ആലുവയ്ക്കും അങ്കമാലിക്കും ഇടയ്ക്ക് നെടുവന്നൂരിൽ വെച്ചാണ് കോച്ചുകൾ വേർപെട്ടത്. ഞായറാഴ്ച വൈകീട്ട് 4.30-നാണ് തീവണ്ടിയുടെ എൻജിൻ കഴിഞ്ഞുള്ള മുൻനിരയിലെ കോച്ചുകൾ വേർപെട്ടത്. വേഗം കുറവായതിനാൽ വൻ അപകടം ഒഴിവായി.

റെയിൽവേ ജീവനക്കാർ എത്തി ബോഗി ഘടിപ്പിച്ച ശേഷം യാത്ര തുടർന്നു. ഇതേ തുടർന്ന് അര മണിക്കൂറിലേറെ തീവണ്ടി വൈകി. ആലുവയിൽ എത്തിയപ്പോൾ മെക്കാനിക്കൽ വിഭാഗം പരിശോധന നടത്തി തീവണ്ടിക്ക്‌ കുഴപ്പമില്ലെന്ന് സ്ഥിരീകരിച്ചു.