കോട്ടയം: റബ്ബർത്തോട്ടങ്ങളുടെ ലാൻഡ്‌സ്‌ലൈഡ് സൊണേഷൻ മാപ്പിന്റെയും രാജ്യത്തെ റബ്ബർസെൻസസിനുവേണ്ടി വികസിപ്പിച്ചെടുത്ത ‘റുബാക്’ മൊബൈൽ ആപ്പിന്റെയും ഉദ്ഘാടനം ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിൽ, റബ്ബർ ബോർഡ് എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ നിർവഹിച്ചു. സ്പൈസസ് ബോർഡിന്റെ കീഴിലുള്ള ഇന്ത്യൻ കാർഡമം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ഡിജിറ്റൽ യൂണിവേഴ്‌സിറ്റി ഓഫ് കേരളയും റബ്ബർ ബോർഡും സംയോജിതമായി ഏലത്തോട്ടങ്ങളുടെ ഡിജിറ്റലൈസ്ഡ്സോയിൽ ഫെർട്ടിലിറ്റി മാപ്പ് തയ്യാറാക്കുന്നതിനും റബ്ബറിന്റെ ഓൺലൈൻ വളപ്രയോഗശുപാർശാസംവിധാനം മാതൃകയിൽ ഏലത്തിനും ഇതേ സംവിധാനം വികസിപ്പിച്ചെടുക്കുന്നതിനുമുള്ള ധാരണാപത്രവും കൈമാറി. ഡിജിറ്റൽ യൂണിവേഴ്‌സിറ്റി ഓഫ് കേരള വൈസ് ചാൻസലർ പ്രൊഫ. സജി ഗോപിനാഥ്, സ്പൈസസ് ബോർഡ്‌ ചെയർമാൻ ഡി.സത്യൻ, റബ്ബർ ഗവേഷണകേന്ദ്രം ഡയറക്ടർ റിസർച്ച് ഇൻ ചാജ് ഡോ. എം.ഡി.ജെസി, സ്റ്റാറ്റിസ്റ്റിക്സ് ആൻഡ്‌ പ്ലാനിങ് വിഭാഗം ജോയിന്റ് ഡയറക്ടർ, എം.ജെ.ലിസി എന്നിവർ സംസാരിച്ചു.

കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി തയ്യാറാക്കിയിട്ടുള്ള റബ്ബർത്തോട്ടങ്ങളുടെ ഉപഗ്രഹ മാപ്പുകളുടെ സഹായത്തോടെ കേരളത്തിലെ റബ്ബർത്തോട്ടങ്ങളെ ഉരുൾപൊട്ടലിനുള്ള സാധ്യത കൂടിയത്, ഇടത്തരം, കുറഞ്ഞത് എന്നിങ്ങനെ മൂന്നായി റബ്ബർബോർഡ് തരംതിരിച്ചിട്ടുണ്ട്. ഇതിലൂടെ ഓരോ പ്രദേശത്തും ഏതുരീതിയിലുള്ള കൃഷി വേണമെന്ന് ശുപാർശ ചെയ്യാനും മണ്ണിടിച്ചിൽസാധ്യതകൾ കുറയ്ക്കാനും റബ്ബർബോർഡിന് കഴിയും.

മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെ റബ്ബർത്തോട്ടങ്ങളുടെയും റബ്ബർകർഷകരുടെയും വിശദമായ സ്ഥിതിവിവരങ്ങൾശേഖരിക്കുന്നതിന് രാജ്യവ്യാപകമായി റബ്ബർ ബോർഡ് സെൻസസ് നടത്തും. കോട്ടയം ജില്ലയിൽ സെൻസസിന് തുടക്കം കുറിക്കും.