തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിലെ ഇലക്‌ട്രിക്കൽ ഉപകരണങ്ങൾ സ്ഥാപിച്ചിരുന്ന മുറിയിൽ തീപ്പിടിത്തം. ഞായറാഴ്ച രാവിലെ പത്തേ മുക്കാലോടെയാണ് ഭൂഗർഭനിലയിൽ തീ കണ്ടത്. ഉടനെ നിയമസഭയിലുണ്ടായിരുന്ന അഗ്നിരക്ഷാസേനാംഗങ്ങളും സുരക്ഷാ ജീവനക്കാരും ചേർന്ന് തീകെടുത്തി. എങ്കിലും ഈ നിലയിൽ മുഴുവൻ പുക നിറഞ്ഞിരുന്നു. തുടർന്ന് അഗ്നിരക്ഷാ സേന എത്തി പുക പുറത്തേക്ക് അടിച്ചുകളഞ്ഞു. പെട്ടെന്ന് തീയണയ്ക്കാനായതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കാനായി.

എയർകണ്ടീഷന്റേയും മറ്റ് ഉപകരണങ്ങളുടേയും യു.പി.എസും സ്റ്റെബിലൈസറുകളുമാണ് തീപിടിത്തമുണ്ടായ മുറിയിലുണ്ടായിരുന്നത്. െസ്റ്റബിലൈസർ ചൂടായി തീപിടിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. രണ്ട് സ്റ്റെബിലൈസറുകളും കേബിളുകളും കത്തി നശിച്ചു. നിയമസഭാ സ്പീക്കർ എം.ബി.രാജേഷ് സ്ഥലത്തെത്തി.