തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നതിനാൽ കടുത്ത നടപടികൾ വേണമെന്ന് ഐ.എം.എ. (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ). സ്കൂളുകൾ, കോളേജുകൾ, സിനിമാശാലകൾ, മാളുകൾ, ബാറുകൾ എല്ലാം തുറന്നതോടെ കോവിഡ് നിബന്ധനകൾ പാലിക്കുന്നതിൽ അയവുണ്ടായി. പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കേണ്ടതിന്റെ ആവശ്യകതയാണ് രോഗികളുടെ എണ്ണം കാണിക്കുന്നത്. 50 ശതമാനംമാത്രം സെൻസിറ്റീവ് ആയ ആന്റിജൻ ടെസ്റ്റുകൾക്കു പകരം ആർ.ടി.പി.സി.ആർ. നിർബന്ധമാക്കി കൂടുതൽപേരെ പരിശോധിച്ചാൽ മാത്രമേ കോവിഡ് വ്യാപനം നിയന്ത്രിക്കാനാവൂ എന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. പി.ടി. സക്കറിയാസ്, സെക്രട്ടറി ഡോ. പി. ഗോപികുമാർ എന്നിവർ പറഞ്ഞു. മെഡിക്കൽ കോളേജ് അധ്യാപകരുടെ വേതനപ്രശ്നങ്ങൾ പരിഹരിച്ച് സമരം ഒഴിവാക്കണമെന്നും ഐ.എം.എ. ആവശ്യപ്പെട്ടു.