തിരുവനന്തപുരം: ശബരിമല യുവതീപ്രവേശത്തിലുണ്ടായ സുപ്രീംകോടതി വിധിക്കെതിരേ നൽകിയ റിവ്യൂഹർജി ഉടൻ വാദത്തിനെടുക്കണമെന്ന് സർക്കാർ ഹർജി നൽകണമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ ആവശ്യപ്പെട്ടു. വിധി അടിച്ചേൽപ്പിക്കാൻ സർക്കാർ തിടുക്കത്തിലെടുത്ത നടപടികൾ കേരളീയ സമൂഹത്തിലുണ്ടാക്കിയ മുറിവ് ശാശ്വതമായി ഉണക്കാൻ നിയമനടപടിവേണമെന്ന്‌ അദ്ദേഹം കത്തിൽപറഞ്ഞു.

സുപ്രീംകോടതിയിൽ യു.ഡി.എഫ്. സർക്കാർ 2016-ൽ സമർപ്പിച്ച സത്യവാങ്മൂലം, കേരള ഹൈക്കോടതിയുടെ 1991-ലെ വിധി, 1950-ലെ തിരുവിതാംകൂർ കൊച്ചി ഹിന്ദുമതസ്ഥാപന നിയമം 31-ാം വകുപ്പ് എന്നിവ അടിസ്ഥാനമാക്കിയുള്ള ഹർജിയാണ് നൽകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഹർജി വാദത്തിനുവന്നപ്പോൾ ഇടതുസർക്കാർ നിയമപരമായും വസ്തുതാപരമായുമുള്ള യാഥാർഥ്യങ്ങൾ വിസ്മരിച്ചും തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ നിലപാടുകൾക്ക് കടകവിരുദ്ധമായുമുള്ള സമീപനം കൈക്കൊണ്ടു. അതിനാലാണ് ഇത്തരമൊരു വിധിവന്നത്. അയ്യപ്പഭക്തർക്കനുകൂലമായിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ്, വിധിക്കുശേഷം നിലപാടുമാറ്റിയത് സർക്കാരിന്റെ സമ്മർദങ്ങൾകൊണ്ടാണ് -ഉമ്മൻചാണ്ടി പറഞ്ഞു.