: 2016-ൽ കൈവിട്ട ഭരണം തിരികെപ്പിടിക്കാൻ അസമിൽ പതിനെട്ടടവും പയറ്റുകയാണ് കോൺഗ്രസ്. ഇതിനായി ഛത്തീസ്ഗഢിൽ പരീക്ഷിച്ച് വിജയിച്ച ദ്വിമുഖ തന്ത്രം അസമിലും പയറ്റുകയാണ് പാർട്ടി. ഛത്തീസ്ഗഢിൽ രമൺസിങ് സർക്കാരിനെ താഴെയിറക്കാൻ പയറ്റിയ തന്ത്രം അതേപടി പിൻതുടരുകയാണിവിടെ. ഛത്തീസ്ഗഢ്‌ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ നേരിട്ടാണ് പ്രചാരണത്തിന് നേതൃത്വം നൽകുന്നത്. ഒരേസമയം ബൂത്തുതല പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനൊപ്പം മുതിർന്ന നേതാക്കളടക്കം ജനങ്ങൾക്കിടയിലേക്കിറങ്ങി പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കിയാണ് പ്രവർത്തനം.

ഓരോ ബൂത്തിൽനിന്നുമുള്ള ആറുപേർക്ക് ഒരുദിവസം നീണ്ടുനിൽക്കുന്ന പരിശീലനവും നൽകി. മൂന്നുഘട്ടമായി നടക്കുന്ന പരിശീലനം വിലയിരുത്താനും നേതൃത്വം നൽകാനും 15 അംഗ പരിശീലന സംഘത്തെയും നിയോഗിച്ചു. ഇതിനൊപ്പം ‘അസം ബച്ചാവോ’ (അസമിനെ രക്ഷിക്കൂ) ബസ് യാത്രയും കോൺഗ്രസ് സംഘടിപ്പിക്കുന്നുണ്ട്. അപ്പർ അസം, ബ്രഹ്മപുത്രവാലി, ബാരക്ക് വാലി അടക്കുള്ള പ്രദേശങ്ങളിലേക്ക് യാത്ര നടത്തി ജനങ്ങളുമായി നേരിട്ട് സംവദിക്കാനാണ് ശ്രമം. ഇങ്ങനെ കിട്ടുന്ന വിവിരങ്ങളുൾപ്പെടുത്തിയാകും പ്രകടനപത്രിക തയ്യാറാക്കുക. പ്രദേശികനേതാക്കൾമുതൽ ദേശീയനേതാക്കൾവരെ യാത്രയിൽ പങ്കുചേരും.

മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ സർക്കാരുണ്ടാക്കും

അസമിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ബി.ജെ.പി.-എ.ജി.പി. സഖ്യം സർക്കാരുണ്ടാക്കും. മുൻപ് വെടിയൊച്ചകളും സംഘർഷങ്ങളുമാണ് അസമിൽനിന്നുയർന്നിരുന്നതെങ്കിൽ ഇന്ന് വ്യവസായവും വികസനവും വിനോദസഞ്ചാരവും സംബന്ധിച്ച വാർത്തകളാണ് ഉയരുന്നത്. അസം പ്രക്ഷോഭത്തിന്റെ കാലത്ത് അസമിലെ യുവത്വത്തിനുനേരെ വെടിയുതിർത്തത് കോൺഗ്രസാണ്.

-അമിത് ഷാ, കേന്ദ്ര ആഭ്യന്തരമന്ത്രി (അസമിലെ നാഗോണിൽ പറഞ്ഞത്)