തിരുവനന്തപുരം: ഇടതുമുന്നണിയിലെ സീറ്റ് വിഭജനചർച്ചകൾ തുരങ്കംവെക്കാനുള്ള രഹസ്യ അജൻഡയുടെ ഭാഗമാണ് ലയനമെന്ന ആവശ്യവുമായി ജെ.ഡി.എസ് പിന്നാലെ കൂടുന്നതെന്ന് എൽ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ഖ് പി. ഹാരിസ്. ലയനചർച്ചകൾ തത്കാലം വേണ്ടെന്ന പാർട്ടി തീരുമാനം സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ്‌കുമാർ എം.പി. തന്നെ വ്യക്തമാക്കിയതാണ്. എന്നിട്ടും ഒഴിയാബാധപോലെ ആ പാർട്ടി പിന്നാലെ കൂടുന്നു.

വിവാഹത്തിനുമുമ്പ് വരന്റെയോ വധുവിന്റെയോ സ്വഭാവഗുണങ്ങളെക്കുറിച്ച് സാധാരണ അന്വേഷിക്കാറുണ്ടല്ലോ. അങ്ങനെ അന്വേഷിക്കുമ്പോൾ ദേശീയതലത്തിൽ ജെ.ഡി.എസിനെക്കുറിച്ച് നല്ല അഭിപ്രായമല്ലുള്ളത്. കർണാടകയിൽ ബി.ജെ.പി.യുമായി ചേർന്ന് ലെജിസ്ലേറ്റീവ് കൗൺസിലിൽ ഭരണം നടത്തുന്ന പാർട്ടിയാണത്. ബി.ജെ.പി.യോടുള്ള സമീപനത്തിലും രാഷ്ട്രീയനയത്തിലും ജെ.ഡി.എസ്. വ്യക്തത വരുത്തണം.

ദേശീയ നേതൃത്വവുമായുള്ള ബന്ധം ഉപേക്ഷിച്ച് സംസ്ഥാനത്തെ പാർട്ടി വിഭാഗം എൽ.ജെ.ഡി.യുമായി ലയിക്കുകയാണ് വേണ്ടത്. അതിനുള്ള വാതിൽ ഞങ്ങൾ തുറന്നിട്ടിരിക്കുകയാണ്. ഇപ്പോൾത്തന്നെ ജെ.ഡി.എസിലെ പ്രവർത്തകരും നേതാക്കളും എൽ.ജെ.ഡി.യിൽ ചേർന്ന് പ്രവർത്തിക്കുകയാണ്. തിരുവനന്തപുരത്ത് ജെ.ഡി.എസിന്റെ ഓഫീസ് തന്നെ എൽ.ജെ.ഡി.യുടേതായി. പെരുമ്പാവൂർ, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലും ജെ.ഡി.എസിൽനിന്ന് കൂട്ടത്തോടെ പ്രവർത്തകരും നേതാക്കളും എൽ.ജെ.ഡി.യിലേക്ക് വരുകയാണ് -അദ്ദേഹം പറഞ്ഞു.