കൊച്ചി: കേരളത്തിലെ സർവകലാശാലകളിലെ കോഴ്‌സുകൾ മറ്റു സംസ്ഥാനങ്ങളിലേക്കു മാറ്റുന്നതും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ജി. കോഴ്‌സുകൾ ലക്ഷദ്വീപിലെ പഠനകേന്ദ്രങ്ങളിൽ നിർത്തലാക്കുന്നതും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാൻ സേവ്‌ ലക്ഷദ്വീപ് ഫോറം തീരുമാനിച്ചു.

ഇത്തരം നടപടികൾ അഡ്മിനിസ്‌ട്രേറ്റർ ഉടൻ നിർത്തണമെന്നും സേവ് ലക്ഷദ്വീപ് ഫോറം, ലക്ഷദ്വീപ് ബാർ അസോസിയേഷൻ അഡ്വൈസറി കമ്മിറ്റി എന്നിവയുടെ സംയുക്തയോഗം ആവശ്യപ്പെട്ടു. ലക്ഷദ്വീപ് വിഷയത്തിൽ രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും സന്ദർശിക്കാൻ തീരുമാനിച്ചതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഐ.ഐ.എം.പി., ഇക്കോ ടൂറിസം, പണ്ടാരം ഭൂമി എന്നീ വിഷയങ്ങളിൽ ദ്വീപിന്റെ നിലനിൽപ്പിനും ജനങ്ങളുടെ സ്വത്തിനും പരിസ്ഥിതിക്കുമെതിരേ നടത്തുന്ന പ്രവർത്തനങ്ങളെ നേരിടും. മത്സ്യത്തൊഴിലാളികളുടെ, പൊളിച്ചുമാറ്റിയ ഷെഡ്ഡുകൾ നിർമിച്ചുനൽകണമെന്നും പിരിച്ചുവിട്ട തൊഴിലാളികളെയും താത്‌കാലിക ജോലിക്കാരെയും തിരിച്ചെടുക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.

ലക്ഷദ്വീപ് എം.പി. പി.പി. മുഹമ്മദ് ഫൈസൽ, സേവ് ലക്ഷദ്വീപ് ഫോറം കോ-ഓർഡിനേറ്റർ ഡോ. സാദിഖ്, എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.