തിരുവനന്തപുരം: വീട്ടുപടിക്കൽ സർക്കാർ സേവനങ്ങളും ജീവൻരക്ഷാ മരുന്നുകളും എത്തിക്കുന്ന വാതിൽപ്പടി സേവന പദ്ധതിയുടെ നടത്തിപ്പിനും വാർഡുതല സമിതികളുണ്ടാക്കും. സംസ്ഥാനതല കോ-ഓർഡിനേറ്റർ അല്ലെങ്കിൽ നോഡൽ ഓഫീസറായി ലൈഫ് മിഷൻ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ പ്രവർത്തിക്കും. തദ്ദേശസ്ഥാപന തലത്തിലും കോ-ഓർഡിനേറ്ററായി ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി സർക്കാർ മാർഗരേഖ പുറത്തിറക്കി.

പ്രായാധിക്യം, ഗുരുതരരോഗം, അതിദാരിദ്ര്യം തുടങ്ങിയ കാരണത്താൽ അവശത അനുഭവിക്കുന്നവരെയും അറിവില്ലായ്മയാലും മറ്റു പ്രശ്നങ്ങളാലും സർക്കാർ സേവനങ്ങൾ ലഭിക്കാത്തവരെയും സഹായിക്കാനാണ് വാതിൽപ്പടി സേവനം നടപ്പാക്കുന്നത്.

സഹായം ആവശ്യമായവർക്ക് ബന്ധപ്പെടാനും വാർഡുതലത്തിലുള്ള പ്രവർത്തനങ്ങൾ സുഗമമാക്കാനുമാണ് സമിതികൾ. അംഗങ്ങളുടെ പേരും ഫോൺനമ്പറും ഓരോ ഗുണഭോക്താവിനും നൽകും. പോയന്റ് ഓഫ് കോൺടാക്ടായി ആശാവർക്കറെ നിയോഗിക്കും.

തദ്ദേശസ്ഥാപന അധ്യക്ഷൻ അല്ലെങ്കിൽ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനാണ് സമിതിയുടെ അധ്യക്ഷനാവുക. 15 പേർ ഉൾപ്പെട്ടതാണ് സമിതി. 16 പേരുൾപ്പെട്ട ജില്ലാതല സമിതിയും പ്രവർത്തിക്കും. സാമൂഹിക സന്നദ്ധസേനാ ഡയറക്ടർ അധ്യക്ഷനായ സംസ്ഥാന സമിതിയിൽ 15 അംഗങ്ങളുണ്ട്.