തിരുവനന്തപുരം: വനിതാ യാത്രക്കാരുടെ സുരക്ഷയ്ക്കായി പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ സജ്ജീകരിച്ച് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ. റിസർവേഷൻ ഇല്ലാത്ത കോച്ചുകളിലെ യാത്രക്കാരുടെ വീഡിയോ ചിത്രീകരിക്കുന്നത് ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തും. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലാണ് വീഡിയോ ചിത്രീകരിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ചെയ്തിരിക്കുന്നത്. വൈകീട്ട് ആറിനും രാവിലെ ആറിനും ഇടയിലുള്ള ട്രെയിനുകളിലാണ് പ്രധാനമായും സുരക്ഷ ശക്തമാക്കുന്നത്. ഒറ്റപ്പെട്ട ചെറിയ സ്റ്റേഷനുകളിൽ ആർ.പി.എഫ്. ജീവനക്കാരെ പോസ്റ്റ് ചെയ്യും. എല്ലാ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിലും സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചു.

എറണാകുളം സൗത്ത്, കായംകുളം, കൊല്ലം, തിരുവനന്തപുരം റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷയ്ക്കായി പ്രത്യേക വനിതാ സ്‌ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്. ഒരു വനിതാ സബ് ഇൻസ്‌പെക്ടറും മൂന്ന് വനിതാ കോൺസ്റ്റബിളുമാണ് സംഘത്തിലുള്ളത്. ഈ സ്റ്റേഷനിൽ കൂടി കടന്നു പോകുന്ന വനിതാ യാത്രക്കാർക്ക് സ്‌ക്വാഡ് ആവശ്യമായ സഹായം നൽകണം.

പ്രധാന റെയിൽവെ സ്റ്റേഷനുകളിൽ ആർ.പി.എഫിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സഹായകകേന്ദ്രത്തിൽ സുരക്ഷ സംബന്ധിച്ച എല്ലാ സഹായവും നൽകണം. എസ്.ഐ., എ.എസ്.ഐ., എന്നിവർ ട്രെയിൻ എസ്‌കോർട്ട് ഡ്യൂട്ടിക്കുണ്ടാവുന്നതാണ് കൂടുതൽ ഉചിതമെന്നും പറയുന്നു. റയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ വനിതാ ആർ.പി.എഫ്. കോൺസ്റ്റബിളിനെ ഉൾപ്പെടെ നിയമിക്കും.

9995040000 എന്ന ഹെൽപ്‌ലെൻ നമ്പറിൽ ആവശ്യമായ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.