വാഴൂർ: സ്വാമി ശ്രീതീർഥപാദ പരമഹംസരുടെ 83-ാം മഹാസമാധി ദിനാചരണം വാഴൂർ തീർഥപാദാശ്രമത്തിൽ നടന്നു. പരമഭട്ടാര വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ തൃതീയശിഷ്യനായ തീർഥപാദരാണ് ചട്ടമ്പിസ്വാമി പരമാചാര്യനായ തീർഥപാദപരമ്പരയുടെയും ആശ്രമങ്ങളുടെയും സ്ഥാപകൻ.

എഴുമറ്റൂർ പരമഭട്ടാര ആശ്രമത്തിലും അയിരൂർ വിദ്യാധിരാജ ഗുരുകുലാശ്രമത്തിലും മഹാസമാധി ദിനാചരണ ഭാഗമായി പ്രാർഥനകളും പൂജകളും നടന്നു. വാഴൂർ ആശ്രമത്തിൽ തീർഥപാദ പരമഹംസരുടെ സമാധിമണ്ഡപത്തിലെ ശിവക്ഷേത്രത്തിൽ ബുധനാഴ്ച ഉച്ചയ്ക്ക് പൂജയും കലശാഭിഷേകവും ദീപാരാധനയും നടത്തി. ആശ്രമവളപ്പിലെ സുബ്രഹ്മണ്യക്ഷേത്രത്തിലും ഗണപതിക്ഷേത്രത്തിലും പൂജകളുണ്ടായിരുന്നു. മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർഥപാദരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ.

ഭാഗവത സപ്താഹം സമാപിച്ചു

വാഴൂർ തീർഥപാദാശ്രമത്തിൽ ശ്രീതീർഥപാദ പരമഹംസരുടെ മഹാസമാധി ദിനാചരണത്തിന് മുന്നോടിയായി ആരംഭിച്ച ഭാഗവതസപ്താഹം സമാപിച്ചു. മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർഥപാദരും മറ്റ് സന്ന്യാസിമാരും നേതൃത്വം നൽകി. പാരായണ സമാപനത്തിന് ശേഷം ഗ്രന്ഥപൂജ, അഭിഷേകം തുടങ്ങിയവ നടന്നു. സമൂഹ വിഷ്ണുസഹസ്രനാമജപവുമുണ്ടായിരുന്നു.