തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി അതിഗുരുതരമായ സാഹചര്യത്തിൽ പരിഹാരം തേടി ധനവകുപ്പ്. പ്രതിസന്ധി മറികടക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷനെ (ഗിഫ്റ്റ്) ചുമതലപ്പെടുത്തി. കോവിഡ് കാലത്ത് മറ്റു രാജ്യങ്ങളും സംസ്ഥാനങ്ങളും സ്വീകരിച്ച സാമ്പത്തിക നടപടികളും പഠിക്കും.

കോവിഡ് വ്യാപനം തുടങ്ങിയശേഷം ഇത് നാലാംതവണയാണ് സാമ്പത്തിക പ്രതിസന്ധിയെയും പരിഹാരമാർഗങ്ങളെയും കുറിച്ച് പഠിക്കുന്നത്. കിഫ്ബി സി.ഇ.ഒ.യും മുൻ ചീഫ്‌ സെക്രട്ടറിയുമായ ഡോ. കെ.എം. എബ്രഹാമിന്റെയും സി.ഡി.എസ്. അധ്യക്ഷൻ സുനിൽ പി. മാണിയുടെയും നേതൃത്വത്തിലുള്ള സമിതികൾ നേരത്തേ നിർദേശങ്ങൾ സമർപ്പിച്ചിരുന്നു. ഗിഫ്റ്റും പഠനം നടത്തി. എന്നാൽ, അവയൊക്കെ പ്രതീക്ഷിക്കുന്ന നഷ്ടം വിലയിരുത്തി ദീർഘകാല നടപടികളാണ് ശുപാർശചെയ്തത്. ഭൂരിഭാഗം നിർദേശങ്ങളും അവഗണിക്കപ്പെട്ടു.

കോവിഡ് ഉണ്ടാക്കിയതും ഉണ്ടാക്കാനിരിക്കുന്നതുമായ സാമ്പത്തികനഷ്ടം എത്രയെന്ന് കുറേക്കൂടി വ്യക്തമായ സാഹചര്യത്തിൽ കൂടുതൽ യാഥാർഥ്യബോധത്തോടെയുള്ള വിലയിരുത്തൽ പുതിയ പഠനത്തിൽ സാധ്യമാകുമെന്നാണ് സർക്കാർ കരുതുന്നത്.

കേന്ദ്രം അനുവദിച്ച പരിധിയിൽനിന്നാണെങ്കിലും മാസംതോറും വൻതോതിൽ കടമെടുക്കാതെ മുന്നോട്ടുപോകാനാവാത്ത സ്ഥിതിയിലാണ് കേരളം. ഈ സാമ്പത്തികവർഷം 36,410 കോടിയാണ് കടമെടുക്കൽ പരിധി. ജി.ഡി.പി.യുടെ നാലരശതമാനം കണക്കാക്കിയുള്ള തുകയാണിത്. യഥാർഥത്തിൽ ഇത്രയും തുകയെടുക്കാൻ അനുവാദം കിട്ടിയെന്നുവരില്ല. ഇതിൽ 10,000 കോടിയെങ്കിലും കുറവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനകം 15,000 കോടിരൂപ സർക്കാർ കടമെടുത്തുകഴിഞ്ഞു. ചൊവ്വാഴ്ച 2500 കോടി കടമെടുത്തു. ഈമാസം 31-ന് 3500 കോടി കടമെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

2020-21 സാമ്പത്തികവർഷം മുൻവർഷത്തെ അപേക്ഷിച്ച് നികുതിവരുമാനത്തിൽ മാത്രം 10,168 കോടിരൂപയുടെ കുറവുണ്ടായി. ജി.എസ്.ടി.യിൽ മാത്രമുണ്ടായ കുറവ് 8879.46 കോടിയാണ്. നടപ്പുവർഷവും നികുതിവരുമാനത്തിൽ പ്രതീക്ഷിച്ച വളർച്ചയുണ്ടാവില്ല. കേന്ദ്രത്തിൽനിന്ന് ജി.എസ്.ടി. നഷ്ടപരിഹാരം കിട്ടുന്നത് അടുത്തവർഷത്തോടെ അവസാനിക്കും. ഇത് തുടരാൻ കേന്ദ്രം തീരുമാനിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനങ്ങൾ.

വരുമാനം കൂട്ടാനുള്ള നിർദേശങ്ങൾ നടപ്പാക്കേണ്ടിവരുമെന്ന് ഈ സർക്കാർ അധികാരമേറ്റപ്പോൾ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞിരുന്നു. രോഗവ്യാപനവും എല്ലാ മേഖലകളിലും മാന്ദ്യവും തുടരുമ്പോൾ അതിനു കഴിയാത്ത സ്ഥിതിയാണ്.