തിരുവനന്തപുരം: വെള്ളിയാഴ്ച മുതൽ കേരളത്തിൽ അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഇടുക്കി ജില്ലയിൽ 28-നും 29-നും അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ മറ്റുപല ജില്ലകൾക്കും മഞ്ഞജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാൾ ഉൾക്കടലിൽ 27-ഓടെ പുതിയ ന്യൂനമർദം രൂപപ്പെടുമെന്നാണു കരുതുന്നത്. ഇതിന്റെ സ്വാധീനത്തിൽ മഴ കനക്കുമെന്നാണ് പ്രവചനം. 27-ന് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, 28-ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, 29-ന് കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് മഞ്ഞജാഗ്രത.

ഇടുക്കിയിൽ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മലയോര മേഖലയിലേക്കുള്ള രാത്രിസഞ്ചാരം പൂർണമായും ഒഴിവാക്കാനും നിർദേശിച്ചു.