കോട്ടയം: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾക്ക് തുടക്കമിട്ട് പതാകദിനാചരണം വ്യാഴാഴ്ച നടക്കും. സംസ്ഥാനത്തൊട്ടാകെ 15 ലക്ഷം വീടുകളിലും ക്ഷേത്രസങ്കേതങ്ങളിലും പൊതുസ്ഥലങ്ങളിലും പതാക ഉയർത്തുമെന്ന് ബാലഗോകുലം സംസ്ഥാന അധ്യക്ഷൻ ആർ.പ്രസന്നകുമാറും പൊതുകാര്യദർശി കെ.എൻ.സജികുമാറും അറിയിച്ചു.

സംസ്ഥാന അധ്യക്ഷൻ ആർ.പ്രസന്നകുമാർ പത്തനംതിട്ടയിലും പൊതുകാര്യദർശി കെ.എൻ.സജികുമാർ കോട്ടയത്തും മാർഗദർശി എം.എ.കൃഷ്ണൻ കൊച്ചിയിലും സംഘടനാ കാര്യദർശി എ.രഞ്ജുകുമാർ ആലുവയിലും ഖജാൻജി കുഞ്ഞമ്പു മേലേത്ത് കാഞ്ഞങ്ങാട്ടും പതാക ഉയർത്തും. സംസ്ഥാന, ജില്ലാ ഭാരവാഹികൾ മറ്റുസ്ഥലങ്ങളിൽ പതാക ഉയർത്തും.

26-ന് വൈകീട്ട് തൃശ്ശൂരിൽ നടക്കുന്ന പരിപാടിയിൽ ജന്മാഷ്ടമി പുരസ്കാരം ആർട്ടിസ്റ്റ് നമ്പൂതിരി കലാമണ്ഡലം ഗോപിക്ക് സമ്മാനിക്കും. ശ്രീകൃഷ്ണജയന്തിദിനമായ 30 വരെ ഗോപൂജ, വൃക്ഷപൂജ, നദീവന്ദനം, കണ്ണനൂട്ട്, വീടുകളിൽ കൃഷ്ണകുടീരം എന്നീ പരിപാടികളും അയൽ വീടുകൾ കേന്ദ്രീകരിച്ച് ശോഭായാത്രയും നടക്കും. ഗോപികാ നൃത്തം, ഉറിയടി എന്നിവയുമുണ്ടാകും.