കൊല്ലം : കുണ്ടറയിലെ പീഡനക്കേസ് പരാതി ഒതുക്കാൻ ഇടപെട്ടെന്ന ആരോപണത്തിൽ മന്ത്രി എ.കെ.ശശീന്ദ്രന്റെപേരിൽ കേസെടുക്കേണ്ടെന്ന് പോലീസ്. പാർട്ടിയും മുന്നണിനേതൃത്വവും നേരത്തേ ഇതേനിലപാടാണ് സ്വീകരിച്ചത്. പരാതി പിൻവലിക്കാൻ മന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രിയുടെപേരിൽ കേസെടുക്കാനാകില്ലെന്നുമാണ് ശാസ്താംകോട്ട ഡിവൈ.എസ്.പി. പി.രാജ്കുമാർ കൊല്ലം റൂറൽ എസ്.പി.ക്ക്‌ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

യൂത്ത് ലീഗ് നേതാവും അഭിഭാഷകനുമായ സജൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് റിപ്പോർട്ട്. പീഡനം അറിഞ്ഞിട്ടും പോലീസിനെ അറിയിക്കാതെ മറച്ചുവെച്ചതിനും ഇരയെ ഭീഷണിപ്പെടുത്തിയതിനും കേസെടുത്ത് അന്വേഷണം നടത്തണമെന്നായിരുന്നു പരാതിക്കാരന്റെ ആവശ്യം.

എന്നാൽ മന്ത്രി ഇരയെ നേരിട്ടുവിളിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല. മന്ത്രി കേസ് പിൻവലിക്കണമെന്ന് പറഞ്ഞിട്ടില്ലെന്ന് ഇരയുടെ അച്ഛനും പറഞ്ഞിട്ടുണ്ട്. നല്ലനിലയിൽ തീർക്കണം എന്ന് ആവർത്തിച്ചുപറഞ്ഞു എന്നുമാത്രമാണ് മൊഴി. ഇതുപ്രകാരം ജില്ലാ ഗവ പ്ളീഡറും പബ്ളിക് പ്രോസിക്യൂട്ടറുമായ ആർ.സേതുനാഥൻ പിള്ളയിൽനിന്നു നിയമോപദേശവും സ്വീകരിച്ചിട്ടുണ്ട്. സംഭാഷണത്തിൽ എവിടെയും നിർബന്ധപൂർവം ഏതെങ്കിലും കേസുകൾ പിൻവലിക്കണമെന്നോ ഭീഷണിയുടെരൂപത്തിൽ ഏതെങ്കിലും പദപ്രയോഗം നടത്തിയതായോ കാണുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മന്ത്രി പരാതി പിൻവലിക്കാൻ ആവശ്യപ്പെടാതിരുന്ന സാഹചര്യത്തിൽ കേസെടുക്കാൻ പോലീസിനാകില്ല-റിപ്പോർട്ടിൽ പറയുന്നു.

അതേസമയം അന്വേഷണത്തിൽ സർക്കാർ ഇടപെടില്ലെന്നും പരാതിയിൽ സ്വാഭാവികമായ നടപടിയുണ്ടാകുമെന്നും മന്ത്രി എ.കെ.ശശീന്ദ്രനും പ്രതികരിച്ചു.