രാജാക്കാട്: ശാന്തൻപാറ പഞ്ചായത്തിലെ ചൂണ്ടലിൽ വാടകവീട്ടിൽ ഒപ്പം താമസിച്ചിരുന്ന സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയ പ്രതി പിടിയിൽ. അണക്കര എട്ടാംമൈൽ പൂങ്കാവനം ലക്ഷ്മി ഇല്ലം കടശ്ശിക്കടവ് പ്രകാശ് (49) ആണ് ശാന്തൻപാറ പോലീസിന്റെ പിടിയിലായത്. തമിഴ്നാട് ഗൂഡല്ലൂരിൽനിന്ന്‌ അറസ്റ്റിലായ പ്രതി പോലീസിന് മുന്നിൽ കുറ്റം സമ്മതിച്ചതായാണ് സൂചന.

ചൊവ്വാഴ്ച രാവിലെയാണ് എട്ടാം മൈൽ സ്വദേശി മണി (40)യുടെ മൃതദേഹം വീടിനകത്തുനിന്ന് കണ്ടെത്തിയത്. എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്ന ഇരുവരും മൂന്നുമാസമായി ചൂണ്ടലിലെ ഒരു വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി മദ്യപിച്ചശേഷം ഇരുവരും തമ്മിൽ പണിക്കൂലി വീതംെവച്ചതിനെ ചൊല്ലി തർക്കത്തിലേർപ്പെട്ടു. തുടർന്നുണ്ടായ അടിപിടിയാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു വിറക്‌കമ്പുകൊണ്ടുള്ള അടിയേറ്റ് മണിയുടെ തലയ്ക്കും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ തന്ത്രപൂർവമാണ് പോലീസ് കുടുക്കിയത്. ഫോൺ ഉപയോഗിക്കാത്ത പ്രതി പോകാൻ സാധ്യതയുള്ള തമിഴ്നാട്ടിലെ ബന്ധുവീടുകളെ കേന്ദ്രീകരിച്ച് പോലീസ് ആദ്യംതന്നെ വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് ഈ സ്ഥലങ്ങൾ ഷാഡോ പോലീസ് നിരീക്ഷിച്ചു കൊണ്ടിരുന്നു. ഗൂഡല്ലൂരിലെ ബന്ധുവീടിന്‌ സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മൂന്നാർ ഡിവൈ.എസ്.പി. മനോജ് കെ.ആറിന്റെ നേതൃത്വത്തിൽ ശാന്തൻപാറ സി.ഐ. അനിൽ ജോർജ്, ദേവികുളം സി.ഐ. രാജ്കുമാർ, എസ്.ഐ.മാരായ അനൂപ് സി.നായർ, ഷാജി കെ., ഇസ്മായിൽ, എസ്.സി.പി.ഒ. മാരായ ഷൈജു പി.കെ., ജിൻസ് സൈമൺ, ബിജു പി.കെ., സന്തോഷ് പി.എസ്., സി.പി.ഒ. മാരായ ബേസിൽ, സനിൽ, അരുൺജിത്ത്, മഹേഷ്, ബേസിൽ കെ.പി. എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.