രാജാക്കാട്: ബൈസൺവാലി ഇരുപതേക്കറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു. ബൈസൺവാലി മുത്തൻമുടി സ്വദേശി തങ്കം തങ്കരാജ് (47) ആണ് രാജാക്കാട് പോലീസിന്റെ പിടിയിലായത്.

ഓഗസ്റ്റ് 15-നാണ് സംഭവം. ബൈസൺവാലി-ഇരുപതേക്കറിലെ പെൺകുട്ടിയുടെ വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് കടന്നുചെന്ന പ്രതി പെൺകുട്ടിയെ കയറിപ്പിടിക്കുകയായിരുന്നു. പെൺകുട്ടി ഇയാളുടെ കൈയിൽ കടിച്ചതിനുശേഷം അയൽവീട്ടിൽ അഭയം തേടി. അന്നുതന്നെ പെൺകുട്ടിയുടെ മാതാപിതാക്കൾ ‌പോലീസിൽ പരാതി നൽകി. പോലീസ് എത്തുന്നതിന് മുമ്പ് ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നു.

പ്രതിയെ പിടികൂടാൻ കഴിയാത്തത്‍ പോലീസിന്റെ അനാസ്ഥയാണ് എന്ന ആരോപണവുമായി പ്രദേശവാസികൾ രംഗത്ത് എത്തിയിരുന്നു. പോക്സോ നിയമപ്രകാരം കേസ് എടുത്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.