തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങൾക്കുമേൽ സർക്കാരിന്റെ നിരീക്ഷണക്കണ്ണ് വരുന്നു. തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായാണിത്. സേവനങ്ങൾ മെച്ചപ്പെട്ടതാക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി വകുപ്പുമന്ത്രി എം.വി. ഗോവിന്ദൻ നേരിട്ട് ആശയവിനിമയം തുടങ്ങി.

മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിൽ താമസം ഒഴിവാക്കുക, അഴിമതി ഇല്ലാതാക്കുക, പഞ്ചവത്സര പദ്ധതി വിഹിത-വിനിയോഗം തുടങ്ങിയവ മന്ത്രിതല യോഗത്തിൽ ചർച്ചയാകും. തദ്ദേശ വകുപ്പിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനും ഭാവി പ്രവർത്തനങ്ങൾ വിശദീകരിക്കാനുമാണ് യോഗങ്ങൾ വിളിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ഗ്രാമപ്പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ ജനപ്രതിനിധികളായ അംഗങ്ങൾ, സെക്രട്ടറിമാർ, അസിസ്റ്റന്റ് സെക്രട്ടറിമാർ, എൻജിനിയർ, സംസ്ഥാന/ജില്ലാതല വകുപ്പ് മേധാവികൾ എന്നിവരുടെ യോഗം അഞ്ചു മേഖലകളിലായാണ് നടത്തുക. കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളുടെ യോഗം ബുധനാഴ്ച നടന്നു. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, ഇടുക്കി ജില്ലകളുടെ യോഗം 26-നും ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളുടേത് 27-നും നടക്കും.