തിരുവനന്തപുരം: മുട്ടിൽ മരംമുറിക്കേസിലെ പ്രതികളുമായി ധർമടത്തെ രണ്ടുപേർക്കുള്ള ദുരൂഹ ബന്ധത്തെപ്പറ്റി മുഖ്യമന്ത്രി മൗനംവെടിയണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ധർമടത്തെ ‘സഹോദര’ങ്ങൾക്കും മരംമുറി ബ്രദേഴ്‌സിനും തമ്മിൽ നല്ല ബന്ധമുണ്ടെന്ന വാർത്തകളാണ് പുറത്തുവരുന്നത്.

ധർമടം സ്വദേശികളായ എൻ.ടി. സാജൻ എന്ന വനം കൺസർവേറ്ററും മാധ്യമപ്രവർത്തകനായ ദീപക് ധർമടവും മരംമുറിക്കേസിലെ പ്രതികളെ നിരന്തരം ഫോണിൽ വിളിച്ചതിന്റെ വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് ആരോപണം ആവർത്തിച്ചത്.

സാജൻ മരംമുറിക്കു കൂട്ടുനിന്നെന്നും സത്യസന്ധരായ ഉദ്യോഗസ്ഥരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചുവെന്നും അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ അന്വേഷണത്തിൽ കണ്ടെത്തി. എന്നിട്ടും മുഖ്യമന്ത്രി ആ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്നു. ഉദ്യോഗസ്ഥനെതിരേ വകുപ്പുതല നടപടിയെടുക്കുന്നതിനു പകരം പതിവ് സ്ഥലംമാറ്റത്തിൽ ഒതുക്കി. ധർമടം ബന്ധത്തെക്കുറിച്ച് പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി ഇനിയും മറുപടി പറഞ്ഞിട്ടില്ല- സതീശൻ പറഞ്ഞു.

ഗ്രൂപ്പുകൾ നിന്നോട്ടെ, സമ്മർദത്തിനു വഴിപ്പെടില്ല

കോൺഗ്രസിലെ ഗ്രൂപ്പുകളെ ഒറ്റദിവസംകൊണ്ട് ഇല്ലാതാക്കാനാവില്ലെന്ന് അറിയാമെന്ന് വി.ഡി. സതീശൻ. ഗ്രൂപ്പുകൾ നിന്നോട്ടെ. അവയുടെ ശൗര്യം കുറയ്ക്കാനാണ് ശ്രമം. ഗ്രൂപ്പുണ്ടാക്കി സ്വയം അപഹാസ്യനാകാനില്ല.

സതീശൻ ഗ്രൂപ്പുകളി അവസാനിപ്പിക്കണമെന്ന പോസ്റ്റർ പ്രത്യക്ഷപ്പെട്ടതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി. പ്രസിഡൻറുമാരുടെ നിയമനത്തിൽ സമ്മർദത്തിനു വഴങ്ങില്ല. സാമൂഹികമാധ്യമങ്ങളിലൂടെയും പോസ്റ്റർ ഒട്ടിച്ചും നേതൃത്വത്തെ അപഹസിക്കാൻ ശ്രമിക്കുന്നവർ പാർട്ടിയുടെ ശത്രുക്കളാണ്. അവർക്കെതിരേ കർശന നടപടിയെടുക്കും- അദ്ദേഹം പറഞ്ഞു.