തൃശ്ശൂർ: ബിജിയും ബാബുരാജും ജെയ്സണും വണ്ടി നിർത്തി വഴിയോരത്തെ ചെറിയ വീട്ടിലേക്ക് നോക്കി. ചോർച്ച മാറ്റാൻ ടാർപ്പായകൊണ്ട് മൂടിയ ആ വീട് ജീവിതം മാറ്റിമറിച്ചത് ഇവർക്ക് മറക്കാനാകില്ല. അവിടെ ആടിനെ തീറ്റുകയായിരുന്ന, ഇടത് കൈപ്പത്തിയില്ലാത്ത യുവാവ് റോഡിലേക്ക് വന്നു. അപ്രതീക്ഷിതമായിരുന്നു ഇൗ കൂടിക്കാഴ്ച. ഇവരെ ബന്ധിപ്പിച്ച ഒരു ദുരന്തത്തിന് കാൽനൂറ്റാണ്ട് തികയുന്നതിന്റെ തലേന്നായിരുന്നു അത് എന്നത് ആകസ്മികം.
1995 ഡിസംബർ നാലിന് തൊഴിയൂരിലെ ഇൗ വീട്ടിൽ സുനിൽ എന്ന ആർ.എസ്.എസ്. കാര്യവാഹക് വെട്ടേറ്റ് മരിച്ചു. പോലീസ് 11 ദിവസം ക്രൂരമായി പീഡിപ്പിച്ചശേഷം പ്രതിചേർത്തവരാണ് ഇപ്പോൾ ആ വീട്ടിലേക്ക് നോക്കിനിന്നുപോയത്. മരിച്ച സുനിലിന്റെ സഹോദരൻ സുബ്രഹ്മണ്യനാണ് കൈപ്പത്തിയില്ലാതെ, ആടിനെ വളർത്തി ജീവിക്കുന്നത്. സുനിലിനെ വെട്ടിക്കൊന്നവരാണ് ഇൗ കൈപ്പത്തി അന്ന് അറുത്തെടുത്തതും. സി.പി.എമ്മുകാരായ നാലുപേരെയും കോടതി പത്തരവർഷം തടവിന് ശിക്ഷിച്ചു. അവരെല്ലാം കണ്ണൂർ സെൻട്രൽ ജയിലിൽ കിടന്നു.
കൊലപാതകത്തിൽ സംശയം മണത്ത ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി തീവ്രവാദസംഘടനയായ ജം അയ്യുത്തുൽ ഇസ്ഹാനിയയുടെ പ്രവർത്തകരാണ് സുനിലിനെ കൊന്നതെന്ന് കണ്ടെത്തി. അതോടെ ബിജിയും ബാബുരാജും ഉൾപ്പെടെ ശിക്ഷിക്കപ്പെട്ട നിരപരാധികളെ ഹൈക്കോടതി കുറ്റവിമുക്തരാക്കി. 25 വർഷം മുമ്പ് കോടതിയിൽ സാക്ഷിപറയാനെത്തിയ സുബ്രഹ്മണ്യൻ അതിനുശേഷം മൂന്നുപേരെയും കാണുന്നത് ഇപ്പോൾ-‘അന്ന് പോലീസ് നിങ്ങൾക്കെതിരേ നിർബന്ധിച്ച് സാക്ഷിമൊഴി പറയിച്ചതാണ്’-സുബ്രഹ്മണ്യന്റെ വാക്കുകളിൽ സങ്കടം.
പുലർച്ചെ രണ്ടിന് വീട്ടിലെത്തിയ തീവ്രവാദികളാണ് 19-കാരനായ സുനിലിനെ വെട്ടിക്കൊന്നത്. അക്രമികൾ സുനിലിന്റെ അമ്മയുടെ കാതും അച്ഛന്റെ വിരലും അറുത്തെടുത്തു. രാത്രിയായതിനാൽ ആരാണ് അക്രമികളെന്ന് തിരിച്ചറിയാനായില്ല. പ്രതികളാണെന്ന് പറയാൻ പോലീസ് പറഞ്ഞുതന്നവരുടെ പേരുകൾ വീട്ടുകാർ പറഞ്ഞെന്ന് മാത്രം. അതിൽ ആർക്കും പരിഭവമില്ല. കാലം സത്യം െതളിയിച്ചതിൽ സന്തോഷം മാത്രം.
എങ്കിലും ഇവർക്ക് ചില പരിഭവങ്ങളുണ്ട്, നിരപരാധികളെ പ്രതികളാക്കിയ ഗുരുവായൂർ പോലീസ് തുടരന്വേഷണം അട്ടിമറിക്കാൻ കേസ് ഡയറി നശിപ്പിച്ചുകളഞ്ഞതിൽ... കേസിൽ യഥാർഥ പ്രതികളെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്ത ജം അയ്യുത്തുൽ ഇസ്ഹാനിയയുടെ അഞ്ച് പ്രവർത്തകരുടെ പേരിൽ തുടർനടപടിയുണ്ടാകാത്തതിൽ... സുനിലിന്റെ കുടുംബത്തിനും പ്രതിചേർക്കപ്പെട്ട നിരപരാധികൾക്കും കാൽനൂറ്റാണ്ട് കഴിഞ്ഞിട്ടും നീതി കിട്ടാത്തതിൽ....