കോട്ടയം: മന്ത്രി വി.എൻ.വാസവൻ താഴത്തങ്ങാടി ഇമാം ഇലവുപാലം ഷംസുദീൻ മന്നാനിയുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക്‌ 12 മണിയോടെ താഴത്തങ്ങാടി പള്ളിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട്‌ മന്ത്രി നടത്തിയ പരാമർശങ്ങൾക്കെതിരേ ഇമാം രംഗത്തുവന്നിരുന്നു. പാലാ ബിഷപ്പിനെ സന്ദർശിച്ചശേഷം മന്ത്രി നടത്തിയ പരാമർശങ്ങളിൽ സമുദായത്തിനുണ്ടായ വേദന മന്ത്രിയോട് പങ്കുവെച്ചെന്ന് ഇമാം പറഞ്ഞു. ബിഷപ്പിന്റെ പരാമർശങ്ങളെക്കുറിച്ച്‌ പാർട്ടിയും മുഖ്യമന്ത്രിയും നിലപാട്‌ വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി ഇമാമിനെ അറിയിച്ചു. മുസ്‌ലിം ലീഗ്‌ ജില്ലാ സെക്രട്ടറിയായിരുന്ന പി.എസ്‌.ബഷീറിന്റെ കബറടക്കചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ്‌ മന്ത്രി ഇമാമിനെ കണ്ടത്‌.