കോട്ടയ്ക്കൽ

: പരസ്പരസ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും ദർശനം പകർന്നുനൽകിയ ശ്രീനാരായണഗുരുവിന്റെ ‘ആത്മോപദേശശതക’ത്തിന് ഇറ്റാലിയൻ പരിഭാഷയൊരുങ്ങുന്നു. ഇറ്റാലിയൻ എഴുത്തുകാരിയും ചിന്തകയുമായ ഡോ. സബ്രീന ലെയ് ആണ് പരിഭാഷ നിർവഹിക്കുന്നത്. അടുത്തമാസം കൃതി പ്രസിദ്ധീകരിക്കും.

മത-മതേതര സമൂഹങ്ങൾ തമ്മിലുള്ള ആശയസംവാദവും സാമൂഹിക ഇടപെടലും സാധ്യമാക്കുന്നതിനുവേണ്ടി പ്രവർത്തിക്കുന്ന റോമിലെ തവാസുൽ ഇന്റർനാഷണൽ എന്ന സംഘടനയാണ് ഇറ്റാലിയൻ പരിഭാഷ പ്രസിദ്ധീകരിക്കുന്നത്. തവാസുൽ യൂറോപ്പിൻറെ ഡയറക്ടർകൂടിയാണ് ഡോ. സബ്രീന.

കൃതിയുടെ പരിഭാഷയ്ക്കുപുറമേ, ശ്രീനാരായണഗുരുവിന്റെ ദർശനങ്ങളും അവയുണ്ടാക്കിയ മാറ്റങ്ങളും ഇതിലുൾപ്പെടുത്തിയിട്ടുണ്ടെന്ന് ഡോ. സബ്രീന പറഞ്ഞു. ചാലക്കുടി ഗായത്രി ആശ്രമത്തിലെ സച്ചിദാനന്ദസ്വാമിയുടെ സഹായവും കൃതി തയ്യാറാക്കുന്നതിനു ലഭിച്ചിട്ടുണ്ട്.

കണ്ണൂർ സ്വദേശി പ്രൊഫ. അബ്ദുൾ ലത്തീഫ് ചാലിക്കണ്ടിയുമായുള്ള വിവാഹത്തോടെയാണ് ഡോ. സബ്രീന ലെയ് ഇന്ത്യയെക്കുറിച്ചും ഇവിടത്തെ വൈജ്ഞാനിക സാഹിത്യത്തെക്കുറിച്ചും കൂടുതലറിയുന്നത്. ഭഗവദ്‌ ഗീതയുൾപ്പെടെ ഒട്ടേറെ കൃതികൾ ഇറ്റാലിയനിലേക്കു പരിഭാഷപ്പെടുത്തിയ ഡോ. സബ്രീന, ഉപനിഷത്തുക്കളുടെയും മഹാഭാരതത്തിന്റെയും പരിഭാഷയിലാണിപ്പോൾ. അടുത്തവർഷത്തോടെ ഇവ പൂർത്തിയാകുമെന്ന് ഡോ. സബ്രീന പറഞ്ഞു.

വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി, തകഴിയുടെ ചെമ്മീൻ തുടങ്ങി ഒട്ടേറെ മലയാള കൃതികളുടെ ഇറ്റാലിയൻ പരിഭാഷയും ഡോ. സബ്രീനയുടേതായിട്ടുണ്ട്. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഇന്നസെന്റിന്റെ ‘കാൻസർ വാർഡിലെ ചിരി’യും ഇവർ മൊഴിമാറ്റം ചെയ്തിട്ടുണ്ട്.