കൊച്ചി: ആരോഗ്യമന്ത്രി വീണാജോർജിനെ വ്യക്തിഹത്യ നടത്തിയതിന് കേരള ജനപക്ഷം സെക്യുലർ ചെയർമാനും മുൻ എം.എൽ.എ.യുമായ പി.സി. ജോർജിനെതിരേ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനും സാമൂഹികമാധ്യമത്തിൽ അവഹേളിച്ചതിനുമാണ് എറണാകുളം നോർത്ത് പോലീസ് കേസെടുത്തത്.

ഹൈക്കോടതി അഭിഭാഷകൻ ബി.എച്ച്. മൻസൂർ നൽകിയ പരാതിയിലാണ് പോലീസ് നടപടി. പോലീസ് മേധാവിക്ക് ഇ-മെയിൽ മുഖേന അയച്ച പരാതി എറണാകുളം നോർത്ത് പോലീസിനു കൈമാറുകയായിരുന്നു.

ഒരു സാമൂഹികമാധ്യമ പേജിനു നൽകിയ അഭിമുഖത്തിലായിരുന്നു ജോർജിന്റെ പരാമർശം. ഫോണിൽ ടി.പി. നന്ദകുമാർ നടത്തിയ അഭിമുഖത്തിൽ പി.സി. ജോർജ് അശ്ലീലപരാമർശം നടത്തിയെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.

ഇത് തന്റെ സാമൂഹികമാധ്യമ പേജിൽ പ്രസിദ്ധീകരിച്ചതിന് ടി.പി. നന്ദകുമാറിനെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ, അഭിമുഖത്തിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന ഒരു അശ്ലീലവാക്കുപോലുമില്ലെന്ന് ടി.പി. നന്ദകുമാർ പറഞ്ഞു.