തിരുവനന്തപുരം: മാപ്പിളക്കലാപകാരികൾക്ക് സ്മാരകം നിർമിക്കാനുള്ള നീക്കത്തിൽനിന്നു സർക്കാർ പിന്മാറണമെന്ന് മാപ്പിളക്കലാപ ബലിദാനി അനുസ്മരണസമിതി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. യഥാർത്ഥ സ്വാതന്ത്ര്യസമര സേനാനികളെ തമസ്കരിച്ച് വ്യാജബിംബങ്ങളെ മഹത്വവത്കരിക്കുകയാണ് ചെയ്യുന്നതെന്ന് സമിതി ഉപാധ്യക്ഷനും ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റുമായ വത്സൻ തില്ലങ്കേരി ആരോപിച്ചു. മാപ്പിളക്കലാപത്തെ വെള്ളപൂശാനുള്ള സർക്കാരിന്റെ ശ്രമം അപലപനീയമാണ്. കെ.കേളപ്പന്റെ സമാധിയും സത്യാഗ്രഹകേന്ദ്രവും തവന്നൂരിൽ പാലംപണിയുടെ മറവിൽ ഇല്ലാതാക്കാനാണ് നീക്കം.

മാപ്പിളക്കലാപത്തിലെ നരഹത്യക്കു സാക്ഷ്യംവഹിച്ച തുവ്വൂർ കിണർ രക്തസാക്ഷിസ്മാരകമായി സർക്കാർ പ്രഖ്യാപിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി ആവശ്യപ്പെട്ടു. തുവ്വൂർ രക്തസാക്ഷിത്വ വാർഷികം വിവിധ കേന്ദ്രങ്ങളിലായി നടത്തും. ശനിയാഴ്ച പ്രധാന കേന്ദ്രങ്ങളിൽ തുവ്വൂർ കിണറിന്റെ മാതൃകകൾ സ്ഥാപിച്ച് ദീപംതെളിച്ച് രക്തസാക്ഷിസ്മൃതി നടത്തും. 26-ന് ന്യൂഡൽഹിയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന സെമിനാറും സംഘടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.