പരപ്പനങ്ങാടി: സംസ്ഥാനത്തെ ടർഫ് കളിക്കളങ്ങളുടെ നിലവാരം ഉറപ്പുവരുത്താൻ കായികവകുപ്പ് നടപടി തുടങ്ങി. ടർഫുകളിൽ കളിക്കുന്നവർക്ക് പരിക്കുകളും ആരോഗ്യപ്രശ്‌നങ്ങളും വർധിക്കുന്നുവെന്ന കണ്ടെത്തലിലാണ് ഇടപെടൽ. ടർഫ് മൈതാനങ്ങളിൽ ഫിഫ നിഷ്കർഷിക്കുന്ന നിലവാരം പാലിക്കുന്നവർക്കുമാത്രമാണ് ഇനി അംഗീകാരം നൽകുക. അശാസ്ത്രീയ ടർഫ് നിർമാണം പരിശോധിച്ച് നടപടികളെടുക്കും.

‌അശാസ്ത്രീയ രീതിയിൽ നിർമിച്ച ടർഫുകളിൽ കളിക്കുന്നവർക്ക് കാലിനു പരിക്കേൽക്കാനുള്ള സാധ്യത കൂടുതലാണ്. മതിയായ രീതിയിൽ ഓടാൻ വലുപ്പമില്ലാത്ത ടർഫുകളും അപകടമാണ്. വാംഅപ്പ് ചെയ്യാതെ കളിക്കുക, സ്ഥിരമായി കളിക്കാത്തവർ കൂടുതൽ അധ്വാനിച്ചു കളിക്കുക, തുടർച്ചയായി രാത്രി ഏറെ വൈകിയും കളിക്കുക തുടങ്ങിയ മോശം പ്രവണതകളുമുണ്ട്. ടർഫ് പ്രതലത്തിലെ കോൺക്രീറ്റ് ഉപയോഗം ശരിയായ രീതിയിലല്ലെങ്കിൽ എല്ലുകളുടെ തേയ്മാനത്തിനും കാരണമാകും. ശാസ്ത്രീയമായി നിർമിച്ചിട്ടുള്ള ടർഫുകൾ പരിശീലനമൈതാനങ്ങളാക്കാനും ഫുട്‌ബോളിനുപുറമെ കായികക്ഷമത വർധിപ്പിക്കുന്ന കാര്യങ്ങൾക്ക് ഉപയോഗിക്കാനും നീക്കമുണ്ട്. ഇതിനുള്ള പദ്ധതികൾ തയ്യാറാക്കാനുള്ള ശ്രമത്തിലാണ് കായികവകുപ്പ്.

നല്ല ടർഫുകൾക്ക് സഹായം

സംസ്ഥാനത്തെ ഫുട്‌ബോൾ ടർഫുകളെ വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നത്. നിലവാരമുള്ള ടർഫുകളാണ് നമുക്കുവേണ്ടത്. നല്ലരീതിയിൽ പ്രവർത്തിക്കുന്ന ടർഫുകൾക്ക് സർക്കാർ സഹായം നൽകും. ടർഫ് ഉപയോഗം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ഓൾ കേരള ടർഫ് അസോസിയേഷന്റെ യോഗം ഉടൻ വിളിച്ചുചേർക്കും.

-വി. അബ്ദുറഹ്‌മാൻ (കായികമന്ത്രി)