തിരുവനന്തപുരം: സംസ്ഥാനത്ത് കാലഹരണപ്പെട്ട 218 നിയമങ്ങൾ പിൻവലിക്കും. ഇതുസംബന്ധിച്ച കേരള നിയമപരിഷ്കരണ കമ്മിഷന്റെ പതിനഞ്ചാം റിപ്പോർട്ട് ഭേദഗതികളോടെ മന്ത്രിസഭ അംഗീകരിച്ചു. തിരുവിതാംകൂർ, തിരു-കൊച്ചി, മലബാർ, കൊച്ചി തുടങ്ങിയ പ്രദേശങ്ങൾക്ക് ബാധകമായിരുന്ന 37 നിയമങ്ങളും 181 നിയമഭേദഗതികളും കാലഹരണപ്പെട്ടതാണെന്നാണ് കമ്മിഷൻ ചൂണ്ടിക്കാട്ടിയത്. ചില നിയമങ്ങൾ നിലനിൽക്കുന്നത് മറ്റുചില സന്ദർഭങ്ങളിൽ നിയമപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായും കണ്ടെത്തി.

മൃഗങ്ങളോടുള്ള ക്രൂരത തടയാനുള്ള 1095-ലെ നിയമം, ദേവദാസിസമ്പ്രദായം അവസാനിപ്പിക്കാനുള്ള 1947-ലെ നിയമം, 1975-ലെ കേരള താത്‌കാലിക കടാശ്വാസനിയമം, തിരുവിതാംകൂർ കൊട്ടാരത്തിൽ സ്ഥിരമായി നെല്ലും അരിയും നൽകണമെന്ന അവകാശം നിരോധിച്ചുള്ള നിയമം, 2005-ലെ കേരള വിനോദസഞ്ചാരപ്രദേശങ്ങൾ സംരക്ഷിക്കൽ നിയമം, തിരുവിതാംകൂർ കൊച്ചി വിനോദനികുതി നിയമം തുടങ്ങിയവയും കമ്മിഷൻ ചൂണ്ടിക്കാട്ടിയ നിയമങ്ങളിൽ ചിലതാണ്. ഇത്തരം നിയമങ്ങൾ അവസാനിപ്പിക്കാൻ കേരള റദ്ദാക്കലും ഒഴിവാക്കലും ബിൽ പാസാക്കണമെന്ന് കമ്മിഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

കേരള ബഡ്‌സ് ആക്ട് സെക്‌ഷൻ 38(1) പ്രകാരം കേരള ബാനിങ് ഓഫ് അൺ റഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീം ചട്ടങ്ങൾ രൂപവത്കരിക്കാനും മന്ത്രിസഭ തീരുമാനിച്ചു.