മൂന്നാർ: ഒരാഴ്ചയ്ക്കിടയിൽ സംസ്ഥാനത്ത് കുത്തരിയുടെ വില ഒൻപത് രൂപ കൂടി. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ ഉണ്ടായ കനത്തമഴയിൽ നെൽകൃഷി വ്യാപകമായി നശിച്ചതാണ് കേരളത്തിൽ വില കൂടാൻ കാരണം. കുത്തരിക്കുള്ള നെല്ലിന്റെ വരവ് കുറഞ്ഞതിനാൽ വീണ്ടും വില ഉയരുമെന്നാണ് മില്ലുടമകൾ പറയുന്നത്.

ഒരാഴ്ച മുൻപുവരെ പത്തുകിലോയുടെ കുത്തരി ചാക്കിന് 380 രുപയായിരുന്നത്. ഇപ്പോൾ 470 മുതൽ 480 വരെയായി.

കാലടി, ഒക്കൽ, അങ്കമാലി തുടങ്ങിയ സ്ഥലങ്ങളിലെ മില്ലുകളിലാണ് കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നെത്തിക്കുന്ന നെല്ല് കുത്തി കുത്തരിയാക്കി ബ്രാൻഡഡ് പേരുകളിലാക്കി കേരളത്തിൽ വിറ്റഴിക്കുന്നത്. ഇപ്പോൾ ലഭിക്കുന്നത് മഴ നനഞ്ഞ നെല്ലായതിനാൽ കുത്തിവരുമ്പോൾ നാല്പതുശതമാനം അരിയാണ് കിട്ടുന്നതെന്ന് മില്ലുടമകൾ പറയുന്നു. മുൻപ് 60 മുതൽ 70 ശതമാനം വരെ അരി ലഭിച്ചിരുന്നു. ഇതുമൂലം കിലോയ്ക്ക് കുറഞ്ഞത് 50 രൂപയെങ്കിലും ലഭിച്ചാൽ മാത്രമേ പിടിച്ചുനിൽക്കാൻ കഴിയുകയുള്ളൂവെന്ന് ഇവർ പറഞ്ഞു.

ആന്ധ്ര, തെലങ്കാന എന്നിവടങ്ങളിൽനിന്നുള്ള അരികളായ ജയ, ഫൈവ് സ്റ്റാർ എന്നിവയ്ക്ക് നിലവിൽ വില വർധിച്ചിട്ടില്ല. എന്നാൽ രണ്ടു സംസ്ഥാനങ്ങളിലും മഴ ശക്തമായി തുടരുന്നതിനാൽ ഇനി എത്തുന്ന ലോഡുകൾക്ക് വില വർധന ഉണ്ടാകുമെന്ന് മില്ലുടമകൾ പറഞ്ഞു.