കുതിരാൻ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ കുതിരാനിൽ ഗതാഗതം ഒന്നാം തുരങ്കത്തിലൂടെ മാത്രമായി ക്രമീകരിക്കുന്നതിന്റെ പരീക്ഷണ ഓട്ടം വ്യാഴാഴ്‌ച രാവിലെ എട്ടിന് ആരംഭിക്കും. രണ്ടാം തുരങ്കത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ടാണ് നിയന്ത്രണങ്ങൾ. തൃശ്ശൂർ ഭാഗത്തുനിന്ന്‌ വരുന്ന വാഹനങ്ങൾ വഴുക്കുംപാറയിൽനിന്നും പാലക്കാട് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ കൊമ്പഴ മമ്മദ്പടിയിൽനിന്നും ഒറ്റവരിപ്പാതകളിലേക്ക്‌ കടക്കണം.

ഗതാഗതം നിയന്ത്രിക്കുന്നതിനായി വഴുക്കുംപാറ, പടിഞ്ഞാറേ തുരങ്കമുഖം, കിഴക്കേ തുരങ്കമുഖം, വില്ലൻവളവ് എന്നിവിടങ്ങളിൽ പോലീസ്‌കാവൽ ഉണ്ടാകും. റോഡിന്റെ മധ്യഭാഗത്ത് വരയിടൽ, ബാരിക്കേഡ് സ്ഥാപിക്കൽ, കിഴക്കുഭാഗത്ത് സിഗ്നൽ ലൈറ്റ് സ്ഥാപിക്കൽ എന്നിവ പൂർത്തിയായിട്ടുണ്ട്.

പരീക്ഷണ ഓട്ടത്തിന് എന്തെങ്കിലും തടസ്സമുണ്ടായാൽ തൃശ്ശൂർ ഭാഗത്തുനിന്ന്‌ വരുന്ന വാഹനങ്ങളെ നിലവിലെ പാതയിലൂടെത്തന്നെ കടത്തിവിടും. പ്രശ്നം പരിഹരിച്ചശേഷം മാത്രമായിരിക്കും വീണ്ടും തുരങ്കത്തിലൂടെ വാഹനങ്ങളെ കടത്തിവിടുക. ഓവർടേക്ക് ചെയ്യുന്നത് പൂർണമായും നിരോധിച്ചിട്ടുള്ള മേഖലയിൽ നിയമലംഘനമുണ്ടായാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.