തൃശ്ശൂർ: വെട്ടിക്കാട്ടിരിയിലുള്ള കഫേ മക്കാനി ഹോട്ടലിലെ എയർ കണ്ടീഷൻഡ് തീൻമുറിയിൽ ഒരു മേശയും ഇരിപ്പിടങ്ങളും പ്രത്യേകമായി തയ്യാറാക്കിവെച്ചിരിക്കുകയാണ്. പട്ടാളവേഷത്തിന്റെ നിറം പൂശിയ ഇൗ ഇടത്തിൽ ‘റിസർവ്ഡ്‌ ഫോർ ഇന്ത്യൻ ആർമി എന്ന ബോർഡും വെച്ചിട്ടുണ്ട്. സൈനിക-അർധസൈനികാംഗങ്ങൾക്കും കുടുംബങ്ങൾക്കും ഇവിടെയിരുന്ന് ഭക്ഷണം കഴിക്കാം. നാട് കാക്കുന്ന ജവാന്മാരോടുള്ള ആദരമാണ് ആ ഭക്ഷണം. അതിന് പണം വാങ്ങില്ല്ല.

കോവിഡ് ആരംഭത്തിൽ എല്ലാവരും കടകൾ പൂട്ടിയപ്പോൾ സുഹൃത്തുക്കളായ അബ്ദുൾസലാമും (49) റഫീഖും (45) േചർന്ന് തുടങ്ങിയതാണ് കഫേ മക്കാനി. കോവിഡ്‌കാലത്ത്‌ സന്നദ്ധപ്രവർത്തകർ ഭക്ഷണം കിട്ടാതെ വലയരുത് എന്നു കരുതിയാണ് കച്ചവടമില്ലാക്കാലത്തും ഈ തുറക്കൽ. നൂറുകണക്കിന് ആംബുലൻസ് ഡ്രൈവർമാർക്കും ആരോഗ്യപ്രവർത്തകർക്കും പോലീസിനും ചായയും മിനറൽ കുപ്പിവെള്ളവും ചെറുകടികളും നൽകാനായി.

ആംബുലൻസ് ഡ്രൈവർമാർക്കും ആരോഗ്യപ്രവർത്തകർക്കും പോലീസിനും ചായയും മിനറൽ കുടിവെള്ളവും സൗജന്യമായി നൽകുന്നത് ഇപ്പോഴും തുടരുന്നു. ഇതുവരെ രണ്ടുലക്ഷം രൂപയുടെ ചായ സൗജന്യമായി നൽകിയിട്ടുണ്ട്. മിനറൽ കുപ്പിവെള്ളത്തിന് കണക്കില്ല. കാരണം കടയുടെ മുന്നിലെ കുപ്പിവെള്ള ട്രേയിലേക്ക് നിരവധിേപർ സൗജന്യമായി കുപ്പിവെള്ളം കൊണ്ടുവെക്കാറുണ്ട്.

കോവിഡിന് അല്പം ശമനം വന്നപ്പോഴാണ് സൈനിക േകാർണർ എന്ന ആശയമുദിച്ചത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കഫേ മക്കാനിയുടെ വേറിട്ട സേവനത്തിൽ അബ്ദുൾസലാമും റഫീഖും 18 ജീവനക്കാരും മാത്രമല്ല പങ്കാളികളാകുന്നത്. കെട്ടിടയുടമ ഉണ്ണിമാനും മകൻ ഖാലിദും കെട്ടിടവാടകയിൽ നാലുലക്ഷത്തോളം ഇളവ് നൽകിയും പ്രോത്സാഹിപ്പിച്ചു. നൂറുതരം സമൂസയും ഇരുപതുതരം ചായയും കഫേ മക്കാനിയുടെ പ്രത്യേകതയാണ്.