കൊച്ചി: തദ്ദേശഭരണ സ്ഥാപനങ്ങളിലെ 2019-20 വർഷത്തെ ഓഡിറ്റിങ് നിർത്തിവെക്കാൻ സംസ്ഥാന ഓഡിറ്റ് ഡയറക്ടർ നിർദേശിച്ചതിനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. കേന്ദ്ര സർക്കാരിന്റെ സോഫ്റ്റ്‌വേറുമായി തദ്ദേശ സ്ഥാപനങ്ങളുടെ സോഫ്റ്റ് വേർ ലിങ്ക് ചെയ്യാൻ ഓഡിറ്റിങ് താത്‌കാലികമായി നിർത്തിവെച്ചതാണെന്ന സംസ്ഥാന സർക്കാരിന്റെ വിശദീകരണം രേഖപ്പെടുത്തിക്കൊണ്ടാണിത്. ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി തീർപ്പാക്കിയത്. സർക്കാർ കരുതിക്കൂട്ടി ഓഡിറ്റിങ് നിർത്തിയതാണെന്ന് കരുതാനാകില്ല. സംസ്ഥാന ഓഡിറ്റ് ഡയറക്ടർ പുറപ്പെടുവിച്ച ഉത്തരവ് നിയമവിരുദ്ധമാണെന്ന് പറയാനാകില്ലെന്നും കോടതി വിലയിരുത്തി.
ഒാഡിറ്റിങ് പുനരാരംഭിച്ചിട്ടുണ്ടെന്നും സർക്കാർ ബോധിപ്പിച്ചു. ലൈഫ് മിഷൻ പദ്ധതി കോഴയിടപാടുകൾ പുറത്തുവന്ന സാഹചര്യത്തിൽ സമാന അഴിമതികൾ പുറത്തുവരാതിരിക്കാനാണ് ഓഡിറ്റിങ് നിർത്തിയതെന്നായിരുന്നു ചെന്നിത്തലയുടെ ഹർജി.