തിരുവനന്തപുരം: തദ്ദേശസ്ഥാപനതിരഞ്ഞെടുപ്പിന് നിശ്ചയിച്ച അധ്യക്ഷസംവരണം പുനർനിശ്ചയിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ സർക്കാരിനൊപ്പം തിരഞ്ഞെടുപ്പുകമ്മിഷനും അപ്പീലിന്. തിരഞ്ഞെടുപ്പിന് ദിവസങ്ങൾമാത്രമിരിക്കെ സംവരണം പുനഃക്രമീകരിക്കുമ്പോഴുള്ള പ്രായോഗികപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സിംഗിൾബെഞ്ച് വിധിക്കെതിരേ കോടതിയെ സമീപിക്കുക. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയശേഷമാണ് സർക്കാർ അപ്പീലിന് തയ്യാറായത്.
സ്ത്രീകൾക്ക് നിലവിലുള്ള 50 ശതമാനവും മറ്റുള്ളതും കൂടിയാകുമ്പോൾ ആകെ സംവരണം 67 ശതമാനമാകുന്നത് ഭരണഘടനാനുസൃതമല്ലെന്നുചൂണ്ടിക്കാട്ടിയ കോടതി സംവരണം മൂന്നിലൊന്നിൽ കുറയരുതെന്ന് നിർദേശിച്ചു.
എന്നാൽ, നിയമസഭപാസാക്കിയ പഞ്ചായത്തിരാജ്, മുനിസിപ്പാലിറ്റി നിയമപ്രകാരം സ്ത്രീകൾക്ക് 50 ശതമാനം സംവരണം നൽകേണ്ടതിനാൽ ആവർത്തനം വേണ്ടിവരുമെന്നാണ് സർക്കാർ നിലപാട്. കമ്മിഷൻ കോടതിയിലെടുത്തതും ഇതേനിലപാടായിരുന്നു. കോടതിയുത്തരവുമായി മുന്നോട്ടുപോയാൽ നവംബർ മൂന്നിന്റെ വിജ്ഞാപനപ്രകാരമുള്ള സംവരണം പാടേമാറും. സ്ത്രീകളുടെ സംവരണപദവി പരിമിതപ്പെടുകയും ചെയ്യും. ഇതെല്ലാമാണ് സർക്കാരിനെയും കമ്മിഷനെയും പുനഃചിന്തയ്ക്ക് പ്രേരിപ്പിച്ചത്.