കൊച്ചി: സ്വർണക്കടത്ത് കേസിൽ എം. ശിവശങ്കർ, സ്വപ്നാ സുരേഷ്, പി.എസ്. സരിത്ത് എന്നിവരെ കസ്റ്റഡിയിൽ ഒരുമിച്ച് ചോദ്യംചെയ്യാൻ കസ്റ്റംസ് തീരുമാനം. ഇതിനുള്ള കസ്റ്റഡി അപേക്ഷകൾ ബുധനാഴ്ച കോടതി പരിഗണിക്കും.
കസ്റ്റംസ് അന്വേഷണസംഘം ചൊവ്വാഴ്ച ശിവശങ്കറിന്റെ അറസ്റ്റ് ജയിലിലെത്തി രേഖപ്പെടുത്തി. സ്വർണക്കടത്ത് കേസിൽ 23-ാം പ്രതിയായാണ് ശിവശങ്കറിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. അന്വേഷണം വേഗത്തിലാക്കി കുറ്റപത്രം നൽകാനാണ് കസ്റ്റംസ് ആലോചിക്കുന്നത്.
എം. ശിവശങ്കറിനെ 10 ദിവസത്തേക്കും സ്വപ്ന, സരിത്ത് എന്നിവരെ ഏഴു ദിവസത്തേക്കുമാണ് കസ്റ്റംസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അനുമതി ലഭിച്ചാലുടൻ മൂവരെയും കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ എത്തിച്ച് ചോദ്യംചെയ്യും. ശിവശങ്കർ കാക്കനാടുള്ള എറണാകുളം ജില്ലാ ജയിലിലും സ്വപ്ന തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലും സരിത്ത് തൃശ്ശൂർ വിയ്യൂർ ജയിലിലുമാണുള്ളത്.
മൂവരെയും മൂന്നു മുറികളിലിരുത്തി ഒരേസമയം ഒരേ ചോദ്യങ്ങൾ ചോദിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ, സ്വർണക്കടത്തിലെ മൂന്നു പ്രതികളുടെയും പങ്കിനെക്കുറിച്ചു ധാരണയിലെത്താമെന്ന് കസ്റ്റംസ് കരുതുന്നു.