ശിവഗിരി: ഈ വർഷത്തെ ശിവഗിരി തീർഥാടനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വളരെ ലളിതമായി നടത്താൻ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ബോർഡ് യോഗം തീരുമാനിച്ചു. തീർഥാടകരെ പരിമിതപ്പെടുത്തി വെർച്വൽ മീറ്റിങ്ങാണ് നടത്തുന്നത്. ഗുരു വിഭാവനം ചെയ്ത എട്ട് വിഷയങ്ങളെ അധികരിച്ച് ഡിസംബർ 25 മുതൽ ജനുവരി ഒന്നുവരെ പ്രഗത്ഭരെ ഉൾക്കൊള്ളിച്ച് ശിവഗിരി മഠത്തിന്റെ ഔദ്യോഗിക യു ട്യൂബ് ചാനലായ ശിവഗിരി ടി.വി.യിലൂടെ പ്രഭാഷണങ്ങൾ നടത്തും.
തീർഥാടന പദയാത്രകൾ ഉണ്ടാകില്ല. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്ന ഭക്തർക്ക് രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ ശിവഗിരിയിൽ പ്രവേശനം അനുവദിക്കും. അന്നദാന സൗകര്യമുണ്ടാകില്ല. ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അധ്യക്ഷനായി.