മലപ്പുറം: മുന്നിലൊരു ഫുട്ബോൾ കണ്ടാൽ ആരായാലും ഒന്നു തട്ടിപ്പോകില്ലേ? മലപ്പുറത്തുകാരുടെ ഈ ‘കളിപ്പിരാന്തി’ലാണ് കുറെ സ്വതന്ത്ര സ്ഥാനാർഥികളുടെ പ്രതീക്ഷ. ‘ഫുട്‌ബോൾ’ ചിഹ്നമാക്കി എളിയൊരു പരീക്ഷണം. ക്ലിക്കായാൽ ഗോളടിച്ചു.
കൂടുതൽ സ്വതന്ത്രരുമായി കളത്തിലിറങ്ങിയ ഇടതുമുന്നണിയാണ് പലയിടത്തും ഫുട്‌ബോളിറക്കി കളിക്കുന്നത്. മാറാക്കര പഞ്ചായത്തിലെ ഇടത് ജനകീയമുന്നണിക്ക് പതിനാറ് വാർഡിലും കോഡൂരിലെ പതിമൂന്ന് ഇടത് സ്വതന്ത്രർക്കും ഫുട്‌ബോളാണ് ചിഹ്നം. മലപ്പുറം നഗരസഭയിലടക്കം വേറെയും പലയിടത്തുമുണ്ട് ഫുട്‌ബോൾ ചിഹ്നക്കാർ.
ചിഹ്നം ഫുട്‌ബോളാണെങ്കിൽ ‘കൂടുതൽ ഡെക്കറേഷനൊന്നും വേണ്ടാ’. വോട്ടർമാരുടെ മനസ്സിൽ എന്നോ കയറിക്കൂടിയവനാണ്. കളിക്കാത്തവർക്കുമുണ്ട് പന്തിനോടൊരു പിരിശം.
അതിനിടെ, സർവതന്ത്ര സ്വതന്ത്രരായ ചില വിമതൻസും അപരൻസുമെല്ലാം ഫുട്‌ബോളുമായി നടക്കുന്നുണ്ട്. അവിടെ പാർട്ടി സ്ഥാനാർഥികൾക്കാണ് നെഞ്ചിടിപ്പ്. സ്ഥാനാർഥി ചോദിച്ചില്ലെങ്കിലും ചിഹ്നംതന്നെ വോട്ടുപിടിക്കുമോന്നൊരു പേടി. യന്ത്രത്തിൽ ഫുട്‌ബോളിങ്ങനെ ഞെളിഞ്ഞിരിക്കുമ്പോൾ കളിക്കമ്പക്കാരെങ്കിലും കുത്തിപ്പോകില്ലേ?