തിരുവനന്തപുരം: പത്രക്കടലാസിലൂടെ കൊറോണ പകരുമെന്ന തരത്തിൽ തന്റെ പ്രസ്താവന ഒരു ഓൺലൈൻ മാധ്യമം വളച്ചൊടിക്കുകയായിരുന്നുവെന്ന് ഡോ. ജയശേഖർ. കൊറോണ സംബന്ധിച്ച പൊതുവായ മാർഗനിർദേശങ്ങളാണ് താൻ അവരുമായി പങ്കുവച്ചതെന്നും സ്വകാര്യ കോസ്മെറ്റിക് കൺസൾട്ടന്റും ഐ.എം.എ. എക്സിക്യൂട്ടീവ് അംഗവുമായ ഡോ. ജയശേഖർ പറഞ്ഞു.
വൈറസ് ബാധിതരായ ആളുകൾ കൈകാര്യംചെയ്യുന്ന ഏതു വസ്തുവിലൂടെയും വൈറസ് മറ്റൊരാളിലേക്കു പകരാം. കടയിൽനിന്നു വാങ്ങുന്ന സാധനങ്ങൾക്കും കൈകാര്യംചെയ്യുന്ന രൂപയിലും എ.ടി.എമ്മിലുമൊക്കെ ഈ സാധ്യതയാണുള്ളത്. ഇതേപ്പറ്റിയാണ് പൊതുവായി പറഞ്ഞത്. ഭയപ്പെടുകയല്ല വേണ്ടത്. നോട്ടും എ.ടി.എമ്മും ഉപേക്ഷിക്കാനാവില്ല. കടയിൽനിന്ന് സാധനം വാങ്ങാതിരിക്കാനുമാവില്ല. എന്നാൽ, വൈറസ് പകർച്ചയുണ്ടാകാതിരിക്കാൻ ഇവ കൈകാര്യം ചെയ്യുന്നവർ സാനിറ്റൈസറും കൈയുറയും മുഖാവരണവും ധരിക്കണമെന്നാണ് പൊതുനിർദേശം. സോപ്പ് ഉപയോഗിച്ച് കൂടെക്കൂടെ കൈകഴുകണം. എല്ലാവരും പാലിക്കേണ്ട പൊതുനിർദേശങ്ങളെപ്പറ്റിയാണ് പറഞ്ഞത്. പൂർണമായും യന്ത്രവത്കൃത സംവിധാനത്തിലൂടെ അച്ചടിച്ചിറക്കുന്നതാണ് വർത്തമാന പത്രങ്ങൾ.
എന്നാൽ, താൻ പറഞ്ഞതിലെ ഒരുഭാഗം മാത്രം അടർത്തിയെടുത്താണ് ഓൺലൈൻ മാധ്യമം വിവാദമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.