എടപ്പാൾ: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ എൽ.പി., യു.പി., ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ പാചകപ്പുരകൾ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ സജ്ജമാക്കുന്നു. വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്കോ കൊറോണ ബാധിതർക്കോ ഭക്ഷണം പാചകംചെയ്ത് എത്തിക്കാനുള്ള കേന്ദ്രങ്ങളായി ഇവയെ മാറ്റാനാണ് നീക്കം.
രോഗം നിയന്ത്രണവിധേയമാകാത്തവിധം ഗുരുതരമാവുകയാണെങ്കിൽ പാചകത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളുമുള്ള പാചകപ്പുരകളെ രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും ഭക്ഷണം നൽകുന്നതിനുള്ള കേന്ദ്രങ്ങളാക്കാനാണ് നീക്കം. കുടുംബശ്രീയടക്കമുള്ള സംവിധാനങ്ങളെ ഉപയോഗിച്ച് ആവശ്യമായവർക്കെല്ലാം ഭക്ഷണമെത്തിച്ചുനൽകാൻ ഇതു സഹായകമാവുമെന്ന് സർക്കാർ കരുതുന്നു.
ജില്ലാ കളക്ടർമാർ ആവശ്യപ്പെടുന്നമുറയ്ക്ക് പാചകപ്പുരകൾ വിട്ടുനൽകാൻ തയ്യാറാക്കിവെക്കണമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ നൽകിയ നിർദേശം.