തേഞ്ഞിപ്പലം: വിദ്യാർഥികൾക്ക് കാലിക്കറ്റ് സർവകലാശാലയിൽ വരാതെതന്നെ സർവകലാശാലാ സേവനങ്ങളെക്കുറിച്ചറിയുന്നതിനും അപേക്ഷകളുടെ തത്‌സ്ഥിതി അറിയുന്നതിനും ഇ-ഹെൽപ്പ് പദ്ധതി തുടങ്ങി. http://support.uoc.ac.in എന്ന വെബ്സൈറ്റിലൂടെ വിവരങ്ങൾ അറിയാം. support@uoc.ac.in എന്ന അഡ്രസ്സിലേക്ക് ഇ-മെയിൽ ചെയ്താലും വിവരങ്ങൾ ലഭിക്കും.
സൈറ്റിൽ സർവകലാശാലയുടെ വിവിധ സേവനങ്ങളെക്കുറിച്ച് വിശദമായ ചോദ്യങ്ങളും ഉത്തരങ്ങളും ഉണ്ട്. കൂടാതെ പുതിയ കാര്യങ്ങൾ ചോദിക്കുന്നതിനുള്ള വിഭാഗവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരം അന്വേഷണങ്ങൾ പരീക്ഷാഭവൻ, ജനറൽ ആൻഡ് അക്കാദമിക് വിഭാഗം, റിസർച്ച് ഡയറക്ടർ, അഡ്മിഷൻ ഡയറക്ടർ, ഇക്വലൻസി തുടങ്ങിയ വിഭാഗങ്ങളിലേക്ക് ബന്ധപ്പെടുത്തും. 24 മണിക്കൂറിൽ മറുപടി ലഭിക്കത്തക്ക രീതിയിലാണ് ഇ-ഹെൽപ്പ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. കാലിക്കറ്റ് സർവകലാശാലാ കംപ്യൂട്ടർ സെന്ററാണ് പദ്ധതി തയ്യാറാക്കിയത്. ഇ-ഹെൽപ്പ് പദ്ധതി പരീക്ഷാകൺട്രോളർ ഡോ. സി.സി. ബാബു ഉദ്ഘാടനംചെയ്തു. ചടങ്ങിൽ രജിസ്ട്രാർ ഡോ. സി.എൽ. ജോഷി, കംപ്യൂട്ടർ സെന്റർ ഡയറക്ടർ ഡോ. വി.എൽ. ലജീഷ്, പബ്ലിക് റിലേഷൻസ് ഓഫീസർ ഒ. മുഹമ്മദലി, സി. ജ്യോതികുമാർ, ഗിരീഷ് ഷേണായി, നസീമുദ്ദീൻ എന്നിവർ പങ്കെടുത്തു.